തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾക്ക് മൂന്ന് നേരവും സൗജന്യ ഭക്ഷണം

ചെന്നൈ: ശുചീകരണ തൊഴിലാളികൾക്ക് മൂന്ന് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള
പദ്ധതി നടപ്പാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ ചെന്നൈ
കോർപ്പറേഷൻ പരിധിയിൽ പദ്ധതി നടപ്പാക്കും.
ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും
വ്യാപിപ്പിക്കും. അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികൾക്ക്
വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും
ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി
സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ചെന്നൈ നഗരത്തിലെ മാലിന്യനീക്കം സ്വകാര്യവൽക്കരിക്കാനുള്ള കോർപറേഷൻ
നീക്കത്തിനെതിരെ ശുചീകരണ തൊഴിലാളികൾ ഈയിടെ സമരം ചെയ്തിരുന്നു.റോഡ്
തടസ്സപ്പെടുത്തിയുള്ള സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ചുള്ള
ഹർജിയിൽ, സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഹൈക്കോടതി
ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് രാത്രി പൊലീസ് ബലം പ്രയോഗിച്ച്
സമരക്കാരെ നീക്കി. ഇതിനെതിരെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, ബിജെപി
നേതാവ് തമിഴിസൈ സൗന്ദരരാജൻ, ടിവികെ പ്രസിഡൻ്റ് നടൻ വിജയ് അടക്കമുള്ള
നേതാക്കൾ രംഗത്തെത്തിയിരുന്നു.തൊഴിലാളികൾക്കിടയിൽ ഇതിലെ അതൃപ്തി
മറികടക്കാനുള്ള നീക്കമാണ് ഭക്ഷണം സൌജന്യമാക്കിയതിലൂടെ സർക്കാർ
നടത്തുന്നതെന്നാണ് വിവരം.
സൗജന്യ ഭക്ഷണ വിതരണം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ
സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചെന്നൈയിലെ തൊഴിലാളികൾക്കായി
മൂന്ന് വർഷത്തേക്ക് 186.94 കോടി രൂപ അനുവദിച്ചു. സൗജന്യ ഭക്ഷണ പദ്ധതിക്ക്
പുറമെ, ശുചീകരണ തൊഴിലാളികൾക്കായി ഇൻഷുറൻസ്, ഭവന പദ്ധതികൾ, ആരോഗ്യ
ചികിത്സാ സഹായം, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി
ആറ് പ്രത്യേക ക്ഷേമ പദ്ധതികളും തമിഴ്‌നാട് സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ട്.






