പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ബഹിഷ്കരിച്ച് പ്രതിപക്ഷം.
രാവിലെ ഒന്‍പത് മണിയോടെ പ്രത്യേക നിയമസഭയിലെ നടപടികള്‍ ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്‌മെൻ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടത്തി.
കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പാണ്. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത് എന്തിനാണ്? സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. തുടർന്ന് സഭ ബഹിഷ്കിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. കേരളത്തിൻ്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കവയ്യാതെ ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെ ജനം വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാര്‍ എന്ന് വിധിക്കുമെന്നും മന്ത്രി എം ബി രാജേഷ് മുന്നറിയിപ്പ് നൽകി.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഓര്‍മിപ്പിച്ചു.ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചുകൂട്ടി ലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്.തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്.അത് സ്വന്തം ശീലം കൊണ്ട് പറയുന്നതാണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. പ്രതിപക്ഷം ഭയക്കുന്നതെന്തിനാണ്? . പറഞ്ഞത് എന്തോ അത് നടപ്പാക്കും. അതാണ് ഇടത് സർക്കാരിൻ്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.






