കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

തിരുവനന്തപുരം:ആധുനിക മലയാള കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായ ഡോ. കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കേരള സർക്കാരിൻ്റെ ഈ പരമോന്നത സാഹിത്യ പുരസ്‌കാരം.
എൻ എസ് മാധവൻ, കെ ആർ മീര, ഡോ. കെ എം അനിൽ, പ്രൊഫ സി പി അബൂബക്കർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.
മലയാള സാഹിത്യത്തെ സാമാന്യമായും കവിതാ സാഹിത്യത്തെ സവിശേഷമായും സമ്പന്നമാക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയ പ്രതിഭയാണ് കെ ജി ശങ്കരപ്പിള്ളയെന്ന് ജൂറി അഭിപ്രായപ്പെട്ടു.
കൊല്ലം ജില്ലയിലെ ചവറയിലാണ് 1947ൽ ശങ്കരപ്പിള്ളയുടെ ജനനം.’ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്.1998ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. “കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ”ക്ക് 2002 ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു
ഭാഷാ പിതാവിൻ്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പറഞ്ഞു. ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ 1971 മുതൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.
പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു. കെ. ജി.ശങ്കരപ്പിള്ളയുടെ കവിതകൾ കെജിഎസ് കവിതകൾ,ബംഗാൾ,
അയോദ്ധ്യ,ആനന്ദൻ,കഷണ്ടി,ഊർമിള,നന്നങ്ങാടികൾ,പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ എന്നിവയാണ് പ്രധാന കൃതികൾ.

