കേരളത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

കൊല്ലം:ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിൻ്റെ പങ്ക് ശ്രദ്ധേയവും അതുല്യവുമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങൾ 40% സാക്ഷരതയിൽ എത്തി നിൽക്കുമ്പോൾ ഇന്ന് ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമാണ് ദൈവത്തിൻ്റെ സ്വന്തം നാടായ കേരളമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം ലഹരി മുക്ത സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സ്വന്തം സംരംഭം പങ്കുവച്ച് “ലഹരി വിരുദ്ധ” ജനകീയ പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.ആഗോളതലത്തിൽ യുവാക്കൾ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് ലഹരിയുടെ വിപത്ത്. ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നു. ശാരീരികമായ ആരോഗ്യത്തിനും ധാർമ്മിക ശക്തിക്കും സാമൂഹിക ഐക്യത്തിനും ലഹരി വിരുദ്ധ ജീവിതശൈലി അനിവാര്യമാണ്. മയക്കുമരുന്നും മദ്യവും നിരസിക്കുന്നതിനായി ഒന്നിച്ച് കൈകോർക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അധ്യാപകരോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു.
സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണം. അതിൻ്റെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണം.സാങ്കേതികവിദ്യയ്ക്ക് പരസ്പരം ബന്ധിപ്പിക്കാനും വിവരങ്ങൾ നൽകാനും വളരെയധികം ശക്തിയുണ്ടെങ്കിലും, അതിൻ്റെ അശ്രദ്ധമായ ഉപയോഗം തെറ്റിദ്ധരിപ്പിക്കാനും വിഭജിക്കാനും ശ്രദ്ധ തിരിക്കാനും കാരണമാകും.സത്യം,കാരുണ്യം,ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹിക മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രിയും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ഗോപി, സംസ്ഥാന ധന മന്ത്രി കെ. എൻ. ബാലഗോപാൽ,കൊല്ലം മേയർ ഹണി ബെഞ്ചമിൻ, കൊല്ലം റോമൻ കത്തോലിക്ക ബിഷപ്പ് റവ. ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി,കേരള ഗവണ്മെൻ്റിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി. തോമസ്, എംഎൽഎമാരായ എം. നൗഷാദ്, പി. സി. വിഷ്ണുനാഥ്,ഫാത്തിമ മാതാ കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി,കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, , കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിന്ധ്യ കാതറിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






