‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’

തിരുവനന്തപുരം: സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ അവശേഷിക്കുന്ന തിന്മകൾക്കും സാമൂഹ്യ അനാചാരങ്ങൾക്കും അറുതി വരുത്താനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ ദലിത് ആദിവാസി മഹാസഖ്യം മുൻകൈയെടുത്ത് സംഘടിപ്പിച്ച സാമൂഹ്യ കൂട്ടായ്മ തീരുമാനിച്ചു.
ശ്രീനാരായണ ഗുരുദേവൻ,അയ്യാ വൈകുണ്ഠസ്വാമി, ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ, പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ, സ്വാമി ആനന്ദതീർത്ഥൻ തുടങ്ങി പൂർവ്വ ഗുരുക്കന്മാരുടെ പാത പിൻതുടർന്നുള്ള തുടർ പ്രവർത്തനത്തിന് കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനാണ് തീരുമാനം.
ശിവഗിരി മഠം ഉൾപ്പെടെയുള്ള വിവിധ സന്യാസി ആശ്രമങ്ങളെയും ഇതിനായി സമീപിക്കും. ഇതര മതവിഭാഗത്തിൽപ്പെട്ട ആത്മീയ നേതാക്കളെയും, വിവിധ സാമൂഹിക- സാംസ്കാരിക പ്രസ്ഥാനങ്ങളെയും, നവോത്ഥാന നായകരു ടെ നാമധേയത്തിലുള്ള സംഘടനകളുടെയും സഹകരണത്തോടെ തികഞ്ഞ മതേതരത്വത്തോടു കൂടിയ പ്രവർത്തനങ്ങളാണ് കൂട്ടായ്മ നടത്തുക. വിപുലമായ യോഗം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചേരാനും നിശ്ചയിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അഭിമാനകരമായ നവോത്ഥാന പ്രവർത്തനങ്ങളോ പൂർവ്വകാല നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർ നടപടികളോ ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻ്റും ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരികയുമായ പി.രാമഭദ്രൻ പറഞ്ഞു.

“സാമൂഹ്യ മുന്നേറ്റവും നവ സന്ന്യാസിമാരും” എന്ന വിഷയത്തിലുള്ള ചർച്ചാ സമ്മേളനത്തിൽ സ്വാമി സന്ദീപാനന്ദഗിരി പ്രസംഗിക്കുന്നു
സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് സന്യാസിമാരായിരുന്നുവെന്നും പുതിയകാലത്ത് മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ പ്രവർത്തനം വിപുലപ്പെടുത്തണമെന്നും സ്വാമി സന്ദീപാനന്ദഗിരി നിർദ്ദേശിച്ചു.
ഈ പ്രവർത്തനങ്ങൾക്ക് കന്യാകുമാരി മഠത്തിലെ സ്വാമി തോപ്പിലെ അയ്യാ വൈകുണ്ഠസ്വാമി മഠത്തിൻ്റെ പിൻതുണയുണ്ടാകുമെന്ന് മഠാധിപതി ബാല പ്രജാപതി അടിഗളാർ പറഞ്ഞു.
സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി,സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര,ആൾ കേരള ഹിന്ദു ചേരമർ സംഘം സംസ്ഥാന പ്രസിഡൻ്റ് വി.ആർ രാജു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.കെ ഗോപി,ആർ.ദിലീപ് കുമാർ,റ്റി.പി.രാജൻ,
എൽ.മോഹനൻ, വേങ്ങാനൂർ സുരേഷ്, എo.ബിനാൻസ്, ലിബിൻ സഖായി,വി.റ്റി. രഘു,ശശികുമാർ വാരാപ്പുഴ,എസ്. ദിവാകരൻ,മോഹനൻ ഇട്ടിക്കൽ,കെ.കെ രാജു,സി.ഡി മോഹനൻ,എസ്.രഘു, രഘുവരൻ.പി.കല്ലിയൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.






