നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി.
ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 15390 ഉദ്യോഗാർത്ഥികൾക്കായി അടുത്ത മാർച്ചിനകം 34 കോടി രൂപ ചെലവിട്ട് സംസ്ഥാന നൈപുണ്യ വികസന മിഷൻ മുഖാന്തരം പി എം കെ വി വൈ- ഫോർ നടപ്പിലാക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നൽകും.
കേന്ദ്ര നൈപുണ്യവും സംരംഭകത്വവും വകുപ്പും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി രാജ്യത്ത് ആദ്യമായി മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി മേഖലയിൽ ദേശീയ പരിശീലന സ്ഥാപനം ആരംഭിക്കും. കൊട്ടാരക്കരയിൽ ഡ്രോൺ ടെക്‌നോളജിയിൽ ഐഐടി പാലക്കാട്, നീലിറ്റ് എന്നിവയുമായി സഹകരിച്ച് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ്റെ സഹകരണത്തോടെയാണ് പരിശീലനം .
മാർച്ചിനകം പ്രവർത്തനക്ഷമമാകും വിധം തിരുവനന്തപുരത്ത് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ സഹായത്തോടെ സ്‌കിൽ ഇന്ത്യാ ഇൻ്റർനാഷണൽ സെൻ്ററും മൈഗ്രേഷൻ സെൻ്ററും സ്ഥാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് സ്ഥാപിക്കും. കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് ജനുവരിക്കകം ഉദ്ഘാടനത്തിന് തയ്യാറാകും.
വിദേശ ഭാഷാ പരിശീലനത്തിൻ്റെ ഗുണനിലവാരവും സർട്ടിഫിക്കേഷൻ സൗകര്യങ്ങളും ഉറപ്പു വരുത്തി ജർമ്മൻ ഭാഷാ പരിശീലന സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളായ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒ.എസ്.ഡി എന്നിവയുമായി സഹകരിച്ച് സ്വകാര്യഭാഷാ പരിശീലന സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വിദേശ ഭാഷാ പരിശീലനത്തിൻ്റെ നിലവാരം ഉറപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിൽ വരുത്തും.
ജർമ്മനിയിൽ ഒരു ലക്ഷം രൂപ പ്രതിമാസ സ്‌റ്റൈപ്പൻ്റോടെ വൊക്കേഷണൽ ട്രെയിനിംഗ് പരിശീലനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി രാജ്യത്ത് ആദ്യമായി ഇൻഡോ ജർമ്മൻ ട്രെയിനിംഗ് ഫെയർ സംഘടിപ്പിക്കും.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ട്രെയിനിംഗ് ഫെയർ പൂർത്തീകരിച്ച് വിദ്യാർത്ഥികൾക്ക് വൊക്കേഷണൽ ട്രെയിനിംഗ് അവസരം ഉറപ്പാക്കുന്നതിനുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മികച്ച നൈപുണ്യ ശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ പ്രാദേശിക തലത്തിൽ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.






