പതിവുപോലല്ല,ഈ വാൽനക്ഷത്രം


ഡോ.കെ.പി ജയ് കിരൺ
വാൽനക്ഷത്രങ്ങൾ എന്നും മനുഷ്യരിൽ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ശാസ്ത്രം വികസിക്കാത്ത നൂറ്റാണ്ടുകളിൽ ആകാശത്തിൽ വാൽനക്ഷത്രത്തെ കാണുമ്പോൾ രാജ്യത്തിൽ അശുഭകരമായ എന്തോ സംഭവിക്കാൻ പോകുന്നതിൻ്റെ സൂചന ആയി പഴമക്കാർ കാണുമായിരുന്നെങ്കിൽ ആധുനികശാസ്ത്രം മാനവരാശിയുടെയും ഭൂമിയുടെയും അസ്തിത്വം തന്നെ പഠിക്കാനുള്ള ഒരു മാർഗ്ഗമായാണ് വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കളെ കാണുന്നത്. സൗരയൂഥങ്ങളുടെ നിർമ്മാണാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നെപ്ട്യൂണിൻ്റെ ഭ്രമണപഥത്തിന് വെളിയിലെ മഞ്ഞുറഞ്ഞ മേഖലകളായ ക്യൂപ്പർ ബെൽറ്റ് ഊർട്ട് ക്ലൗഡ് എന്നിവയിൽ നിന്നും വരുന്നതിനാൽ ഇവയെ പഠിച്ചാൽ ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ ശാസ്ത്ര സമൂഹം ഓരോ ധൂമകേതുക്കൾ വന്നു പോകുമ്പോഴും അവയെ സശ്രദ്ധം നിരീക്ഷിക്കാറുണ്ട്. ചെറിയ ഇടവേളകളിൽ ക്യൂപ്പർ ബെൽറ്റിൽ നിന്നുംവന്നുപോകുന്ന ഹാലിസ് കോമറ്റും നീണ്ട ഇടവേളകളിൽ വളരെ ദൂരെയുള്ള ഊർട്ട് ക്ലൗഡിൽ നിന്നും വന്നുപോകുന്ന ഹയാകുട്ടേ (Comet Hyakutake) എല്ലാം വളരെയധികം ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്.
എന്നാൽ ഇപ്പോൾ ശാസ്ത്രലോകം ലോകം ഏറെ ചർച്ച ചെയ്യുന്നത് വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളെല്ലാം തിരുത്തിക്കുറിച്ചു കൊണ്ട് മറ്റേതോ സൗരയൂഥത്തിൽ നിന്നും ഒറ്റത്തവണ സന്ദർശകനായി ഒരു നീണ്ട പാതയിൽ സൂര്യനെ ചുറ്റി കടന്നുപോയിക്കൊണ്ടിരിക്കുന്ന വാൽനക്ഷത്രം ‘ത്രീ ഐ അറ്റ്ലസ്’ ആണ്. ഈ വർഷം ജൂലൈ ഒന്നിനാണ് ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുള്ള വസ്തുക്കളെ നിരീക്ഷിക്കാനും കണ്ടെത്താനുമായിട്ടുള്ള അറ്റ്ലസ് എന്ന റോബോട്ടിക് ടെലസ്കോപ്പുകളുടെ സംവിധാനം സൗരയൂഥത്തിലേക്ക് അതിവേഗം കടന്നുവരുന്ന ഒരു ഭീമാകാരൻ ധൂമകേതുവിനെ കണ്ടെത്തിയത്. ഇതിന് ‘ത്രീ ഐ അറ്റ്ലസ്’ എന്ന പേര് നൽകുകയും ചെയ്തു. വ്യാഴം കടന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് വന്നുകൊണ്ടിരുന്ന ഈ ധൂമകേതുവിനെ നാസയുടെ ചൊവ്വയിലെ ബഹിരാകാശ വാഹനങ്ങളും ഭൂമിക്കു മുകളിലായി സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ ടെലസ്കോപ്പുകൾ ആയ ഹബിളും ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പും ) സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്‍റെ ചില പ്രത്യേകതകൾ കാരണം ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലോയ്‌ബിന് ഇതൊരു ധൂമകേതു തന്നെയാണോ അതോ ഏതെങ്കിലും ബുദ്ധിയുള്ള ജീവികൾ നിയന്ത്രിക്കുന്ന വാഹനമാണോ എന്നും തോന്നുകയുണ്ടായി. ഇനിയൊരിക്കലും കടന്നു വരാതെ സൂര്യനെ ചുറ്റി മടങ്ങാൻ ഒരുങ്ങുന്ന ഈ ധൂമകേതു ശാസ്ത്രലോകത്തിന്റെ സങ്കല്പങ്ങൾ ഇതിനോടകം തിരുത്തി എഴുതിക്കഴിഞ്ഞു. ഇതിന്‍റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയണ്ടേ?

ചൊവ്വാ പരിവേഷണ വാഹനമായ Mars Orbiter ചൊവ്വയിൽ നിന്നും പകർത്തിയ ചിത്രം
സാധാരണ ധൂമകേതുക്കളിൽ നിന്ന് വ്യത്യസ്തമായി നീണ്ട ഉരുളൻ തടിയുടെ രൂപത്തിൽ സെക്കൻഡിൽ 58 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ഈ പാറക്കഷണത്തിൻ്റെ തുടക്കത്തിൽ സൂര്യന്‍റെ നേർക്കായിരുന്നു. പിന്നീടാണ് അത് എതിർ ദിശയിലേക്ക് തിരിഞ്ഞത്. അതുപോലെതന്നെ സാധാരണ ധൂമകേതുക്കളിൽ നിന്നും പുറത്ത് വരാത്ത വാതകരൂപത്തിലെ നിക്കൽ ടെട്രാ കാർബണയിലും പിന്നെ കാർബൺ ഡയോക്സൈഡ് എന്നീ രാസവസ്തുക്കളും അതുപോലെതന്നെ ഇതിന്‍റെ നിറം മാറ്റങ്ങളും വേഗമാറ്റങ്ങളും ദിശാ മാറ്റങ്ങളും ഇതൊരു ധൂമകേതു അല്ലെന്നും നിയന്ത്രിത വാഹനമാണെന്നുമുള്ള അഭ്യൂഹങ്ങൾ കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സൂര്യന്‍റെ പുറകിലേക്ക് പോയി സൂര്യനെ ചുറ്റി മടങ്ങുമ്പോൾ സൂര്യന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഇത് ദിശാമാറ്റം വരുത്തി ഭൂമിയിലേക്ക് വരാമെന്ന് വരെ പറഞ്ഞു പരത്തി. എന്നാൽ അപ്പോഴൊക്കെ അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസ നിശബ്ദത പാലിച്ചു. ഇത് പുതിയൊരു അനുഭവമാണെന്നും മറ്റു സൗരയൂഥങ്ങളുടെ ഭാഗമായ ഇത്തരം വസ്തുക്കൾ തികച്ചും വ്യത്യസ്തമായ രീതിയിൽ പെരുമാറാമെന്നും മനസ്സിലായതായി നാസ പത്രക്കുറിപ്പുകൾ പുറത്തിറക്കി.
എന്തൊക്കെ തന്നെ ആയാലും ജ്യോതിശാസ്ത്ര രംഗത്ത് പുതിയ അറിവുകൾ ചേർത്ത് ഈ ധൂമകേതു മടങ്ങുമ്പോൾ അത് ഭൂമിയിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്. കാരണം നവംബർ 25ന് ഭൂമിയിൽ അന്യഗ്രഹ ജീവികൾ സന്ദർശിക്കുമെന്നും അതി ബുദ്ധിമാന്മാരായ അവർ ഭൂമിയെ കീഴടക്കും എന്നും ഉള്ള പ്രചരണങ്ങൾ ചിലരെങ്കിലും കാര്യമായി എടുത്തു കാണും. എന്നാൽ സൂര്യനിൽ നിന്നും 1.36 AU (അസ്ട്രോണമിക്കൽ യൂണിറ്റ്) ദൂരത്തിൽ കടന്നുപോകുന്ന ഈ വാൽനക്ഷത്രം മറ്റു സൗരയൂഥങ്ങളെക്കുറിച്ച് വലിയ അറിവ് നൽകിയാണ് മടങ്ങുന്നത്.സൂര്യനേക്കാളും ഏകദേശം ഇരുന്നൂറു കോടി വർഷങ്ങൾ കൂടി പ്രായമുള്ള ഈ ധൂമകേതു നമ്മുടെ സൗരയൂഥത്തിന് മുൻപേ നിർമ്മാണം നടന്ന ഏതോ സൗരയൂഥത്തിൽ നിന്നും വരുന്നതാണെന്ന് വേണം കരുതാൻ.

ചിത്രം: ബഹിരാകാശത്തുള്ള ഹബ്ബിൾ സ്പേസ് ടെലെസ്കോപ്പ് ഈ വര്ഷം ജൂലായിൽ പകർത്തിയ ത്രീ ഐ അറ്റ്ലസ് ചിത്രം
അടുത്തമാസത്തോടെ ഭൂമിയുടെ ഏറ്റവും അടുത്ത് കൂടെ കടന്നു പോകുമ്പോൾ ശാസ്ത്രലോകം വീണ്ടും അതിനെ സൂക്ഷ്മമായി വീക്ഷിക്കും. നീല വെളിച്ചവും കാണിച്ച് കാർബണും നിക്കലും പിന്നെ നീരാവിയും പുറന്തള്ളി പോകുന്ന ഈ വാൽനക്ഷത്രം ഭൂമിക്ക് പുറത്ത് മറ്റ് സൗരയൂഥങ്ങളിൽ ജീവൻ ഉണ്ടാകാം എന്ന പുത്തൻ പ്രതീക്ഷ നൽകിയാണ് പോകുന്നത്. നമ്മുടെ ആകാശത്തിൽ ഇത് തെളിയുമോ എന്ന് മനസ്സിലാവാൻ ഒരു മാസം കൂടി നമുക്ക് കാത്തിരിക്കാം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ജിയോളജിവിഭാഗം മുൻ മേധാവിയും കേരള സർവകലാശാല ജിയോളജി വകുപ്പിലെ അഡ്‌ജങ്ട് ഫാക്കൽറ്റിയുമാണ് ലേഖകൻ)






