പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം :നിർഭാഗ്യകരമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം :കേരള സർവ്വകലാശാലയിൽ പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു.
‘വിദ്യാർഥിയുടെ എം ഫിൽ പ്രബന്ധം സാക്ഷ്യപ്പെടുത്തിയ അധ്യാപികയാണ് ഇപ്പോൾ അതേ വിദ്യാർഥിക്ക് സംസ്കൃതമോ ഭാഷയോ അറിയില്ലെന്ന് പറയുന്നത്.ഇത് വിരോധാഭാസവും കെട്ടിച്ചമച്ചതുമാണ്.രാഷ്ട്രീയ കക്ഷികളുടെ താല്പര്യമനുസരിച്ചല്ല അധ്യാപകർ പ്രവൃത്തിക്കേണ്ടത്.’-മന്ത്രി വ്യക്തമാക്കി.
ഞെട്ടിച്ചെന്ന് ഡോ.ടി.എം തോമസ് ഐസക്
അതേസമയം , വിപിൻ വിജയൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തന്നെ ഞെട്ടിച്ചുവെന്ന് മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായി ഡോ.ടി.എം തോമസ് ഐസക് ഫെയ്സ് ബുക് കുറിപ്പിൽ പറഞ്ഞു.

ഡോ.ടി.എം തോമസ് ഐസക്
കേരള സർവകലാശാലയിൽ ഇങ്ങനെയും ജാതിവെറിയോ? സംസ്കൃത വിഭാഗം ഡീൻ ശ്രീമതി. വിജയകുമാരി വിപിൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞേതീരൂ.അല്ലെങ്കിൽ കേരളം പറയിപ്പിക്കണം.ആരോപണങ്ങൾ ശരിയെങ്കിൽ ഒരു നിമിഷംപോലും ഡീനായി തുടരാൻ ഇവർക്ക് അർഹതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവർ സംഘപരിവാർ അധ്യാപക സംഘടനയുടെ നേതാവാണത്രേ.സംഘപരിവാർ കേരളത്തിലെ വിദ്യാഭ്യാസത്തെ എങ്ങോട്ടേക്ക് നയിക്കാനാണ് ശ്രമിക്കുന്നത് എന്നതിൻ്റെ ഒരു ചൂണ്ടുപലകയാണ് ഇവരുടെ ആക്ഷേപം.ഈ മനുവാദികളെ കേരളത്തിൽ നിന്നു തുരത്തണം.
“സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി” എന്ന് ആക്ഷേപിച്ച മാദ്ധ്യമങ്ങൾ ഒരാൾപോലും വിപിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടഭാവംപോലും നടിക്കുന്നില്ല.ഇതിലും അത്ഭുതപ്പെടാനില്ല.ഇവരെ നന്നാക്കാൻ പ്രയാസമാണ്.അതുകൊണ്ട് ഡീൻ പോര, സർവകലാശാല തന്നെ കേരളത്തിനു വിശദീകരണം നൽകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.






