കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കവിയും മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല ആദ്യ വിസിയും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ നിയമിതനാവും. ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായിരുന്നു. പുതിയ നിയമനം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.
നിയമന വിവരം ജയകുമാർ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രി വി എൻ വാസവനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം ഇതു സംബന്ധിച്ച കാര്യം സംസാരിച്ചുവെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡൻ്റായി എത്തുമ്പോൾ പ്രഥമപരിഗണന നവംബർ 17 ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഭക്തർക്കായി സുഗമമായി നടത്തുക എന്നതാണെന്നും ജയകുമാർ പറഞ്ഞു.
ശബരിമല സ്വർണ കൊള്ള വിഷയം ഉൾപ്പെടെ വിവിധ വിവാദങ്ങൾ ഉള്ളതിനാൽ ഈ പദവി ഏറ്റെടുക്കുന്നത് “മുൾകീരിടം” ധരിക്കുന്നതിന് തുല്യമാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് എല്ലാ കിരീടങ്ങൾക്കും മുള്ളുകളില്ല,നിങ്ങൾ അത് എങ്ങനെ ധരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ശബരിമല സ്വർണ വിവാദം പോലുള്ള കാര്യങ്ങൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ജയകുമാർ പറഞ്ഞു. ദൈവവിശ്വാസിയായ താൻ ഈ പദവി ഒരു ദൈവനിയോഗമായി കണക്കാക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജയകുമാർ മുമ്പും ശബരിമലയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. രണ്ടുതവണ സ്‌പെഷൽ കമ്മിഷണർ പദവി വഹിച്ചിട്ടുള്ള ജയകുമാർ ശബരിമല മാസ്‌റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഈ മാസം 10 ന് കാലാവധി അവസാനിക്കേണ്ട ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ആലോചന ഉണ്ടായിരുന്നു. സ്വർണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻ്റിൻ്റെ കാലാവധി നീട്ടുന്നത് നിലവിലെ സാഹചര്യത്തിൽ ഗുണകരമാകില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മുൻ എം പി എ സമ്പത്ത്, മുൻ എം എൽ എ ടി.കെ. ദേവകുമാർ എന്നിവരെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തകർ പ്രസിഡൻ്റാവുന്നത് തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ പ്രയോജനം ചെയ്യില്ലെന്ന് സി പി എം നേതൃത്വം വിലയിരുത്തി.ഐ എ എസ് ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ഭരണം ഏൽപ്പിക്കണമെന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റേയും നായർ സമുദാംഗമായതിനാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുുടേയും താല്പര്യ ങ്ങൾക്കനുസൃതമായതിനാൽ ജയകുമാറിനെ നിയമിക്കാനുള്ള തീരുമാനം ഒരേ സമയം ഇരുവരെയും തൃപ്തിപ്പെടുത്തുമെന്നാണ് സി പി എം പ്രതീക്ഷ.






