3 ട്വിൻ ടവർ,8350 കോടി നിക്ഷേപം,50,000ലേറെ തൊഴിൽ

തിരുവനന്തപുരം:കേരളത്തിൽ പണി പൂർത്തിയായി കമ്പനികൾ പ്രവർത്തനം ആരംഭിച്ച കൊച്ചിയിലെ ലുലു ട്വിൻ ടവറും പുതുതായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം മെറിഡിയൻ ടെക്പാർക്കും കോഴിക്കോട് വേൾഡ് ട്രേഡ് സെൻ്ററും കേരളത്തിൻ്റെ ടെക് ലോകത്തിൻ്റെ മുഖച്ഛായ മാറ്റാൻ പോകുന്ന പദ്ധതികളാണെന്ന് വ്യവസായ മന്ത്ര പി.രാജീവ്.
1,500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിൽ കൊച്ചിയിൽ ഒരുക്കിയിരിക്കുന്ന ലുലു ട്വിൻ ടവറിൽ 30,000ത്തിലേറെ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കും.25 ലക്ഷം ചതുരശ്ര അടിയോളം വിസ്തീർണത്തിൽ ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്പേസ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദുബായ് ആസ്ഥാനമായുള്ള അൽ മർസൂഖി ഹോൾഡിങ്ങ്സ് എഫ്.സെഡ്.സി ആണ് തിരുവനന്തപുരത്ത് 10 ലക്ഷം ചതുരശ്ര അടിയിൽ പുതിയ ഐടി ട്വിൻ ടവർ നിർമ്മിക്കുന്നത്. മെറിഡിയൻ ടെക് പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ 850 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരും.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിയിലൂടെ കേരളത്തിലേക്കെത്തിയ നിക്ഷേപമാണിത്.
125 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ കോഴിക്കോടാണ് ഹൈലൈറ്റ് ഗ്രൂപ്പിൻ്റെ വേൾഡ് ട്രേഡ് സെൻ്റർ പദ്ധതി ആരംഭിക്കുന്നത്.6,000 കോടി രൂപയാണ് നിക്ഷേപം.വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ ലൈസൻസുള്ളത് കൊണ്ടു തന്നെ, ആഗോള കമ്പനികളും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും നാടിൻ്റെ തന്നെ വളർച്ചയെ വേഗത്തിലാക്കും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഈ പദ്ധതിയുൾപ്പെടെയുള്ള വലിയ നിക്ഷേപമാണ് ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളമാകെ ഒരു മഹാനഗരമായി വളരുകയാണ്.നാം ലക്ഷ്യമിടുന്നതുപോലെ ഏറ്റവും ആധുനികമായ വ്യവസായങ്ങളുടെ ഹബ്ബായി ഈ കേരളം കുതിക്കുന്നു. നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ ഏറ്റവും മികച്ച തൊഴിൽ ലഭിക്കും വിധത്തിൽ കേരളത്തെ മാറ്റാൻ ഈ സർക്കാർ ശ്രമിക്കുന്നുവെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.






