അശുഭദിന രാഹുകാല വിവാഹം,ശങ്കറും സുഗതയും 37 വർഷം :ഒരേ ജീവിതപ്പാതയിൽ

തിരുവനന്തപുരം:അശുഭദിനമായ 13ന് രാഹുകാലത്തിലായിരുന്നു ആർക്കിടെക്ട് ശങ്കറിൻ്റെയും സുഗതയുടെയും വിവാഹം.1988 നവംബർ 13ന്.ഒരു തുളസിമാല പരസ്പരം അണിയിച്ചു എന്നതല്ലാതെ മറ്റൊരു ചടങ്ങുമുണ്ടായിരുന്നില്ല.സദ്യയ്ക്കു പകരം ആകെ കൊടുത്തത് ഒരു ഗ്ലാസ് നാരങ്ങാവെള്ളം.
എന്നിട്ടും അവർക്ക് ഒരു പ്രശ്നവുമുണ്ടായില്ല.ജി.ശങ്കർ ഇന്ന് ലോകം ആദരിക്കുന്ന ആർക്കിടെക്ട് .സുഗത നീറമൺകര എൻ എസ് എസ് കോളേജിൽനിന്ന് ഇംഗ്ലിഷ് പ്രൊഫസറായി വിരമിച്ചു. ഏക മകൻ സിദ്ധാർഥ് ശങ്കർ ബ്രിട്ടിഷ് ഗവൺമെൻ്റിൽ ഉദ്യോഗസ്ഥൻ.പദ്മശ്രീ നൽകി രാജ്യം ആദരിച്ചു.
ശങ്കർ തൻ്റെ വിവാഹത്തെക്കുറിച്ച് ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ്:
‘അയാളെ ഞാൻ ആദ്യം കാണുന്നത് അഷിതയുടെ ഒരു കഥയിലാണ്.. നഗരകാഴ്ചകൾ കണ്ടു കണ്ടു നടക്കുന്ന ഒരാൾ.. അതേ പേര്..
അന്ന് അയാൾ പ്രസിദ്ധനോ പ്രശസ്തനോ ആയിരുന്നില്ല,വെറും ഇരുപതുകളുടെ മധ്യരേഖയിൽ നടക്കുന്നയാൾ..
അന്നൊരിക്കൽ അയാളുടെ കല്യാണക്കുറി കണ്ടു.വെറും കൂറക്കടലാസ്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയ ക്ഷണക്കത്തു..

ശങ്കറും സുഗതയും – ചെറുപ്പ കാലത്ത്
മുകളിൽ ഒരു ചുവന്ന നക്ഷത്രം.
തീയതി നവംബർ 13..
13..അതൊരു അശുഭദിനമാണല്ലോ.. സമയം നോക്കി. കൃത്യം രാഹുകാലം.
അയാളെന്നും കൂട്ടം തെറ്റിയാണല്ലോ നടപ്പ്..
കൗതുകം കൊണ്ട് പോയി..സദസ് നിറഞ്ഞുണ്ട്.. വേദിയിൽ പന്തലില്ല. പൂക്കളില്ല.. ഒന്നുമില്ല.
എന്താണെന്നു നടക്കുന്നതെന്നു ആർക്കും നിശ്ചയമില്ല..
10 മണി. ചെറുക്കൻ, പെണ്ണ്.. രണ്ടു വശത്തു നിന്നു വേദിയിൽ കയറി,കയ്യിലുണ്ടാ യിരുന്ന തുളസി മാല പരസ്പരം അണിയിച്ചു.സദസ്സിനെ തൊഴുതു..ഇറങ്ങി പോകുകയും ചെയ്തു…
നിർത്താത്ത കരഘോഷം..അപ്പോഴാണ് മനസ്സിലായത്, എല്ലാം കഴിഞ്ഞു എന്ന്.
വെളിയിൽ dining ഹാൾ . ശൂന്യം.. വെറും നാരങ്ങാ വെള്ളം മാത്രം…
പിന്നീട് എം. കൃഷ്ണൻനായർ സാർ ഈ ചടങ്ങിനെ കുറിച്ച് എഴുതി… ഞാൻ പങ്കെടുത്ത ഏറ്റവും ലളിത ചടങ്ങു…
പണ്ട് പണ്ട്…
ഇന്ന് വീണ്ടും നവംബർ 13…
ഓർമ്മകൾ..
അയാൾ ഞാനായിരുന്നു.
കൂട്ട് സുഗതയും..’
ഈ കുറിപ്പെഴുതിയ ശങ്കറിൻ്റെ മുഴുവൻ പേര് ഗോപാലൻ നായർ ശങ്കർ എന്നാണ് . പ്രകൃതിദത്തവും, ഈടുനിൽപ്പുമുള്ളതുമായ അസംസ്കൃത വസ്തുക്കളിലൂടെ കെട്ടിടനിർമാണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി.ഈസ്റ്റ് ആഫ്രിക്കയിലെ അരുഷയിൽ ജനിച്ചു.പിന്നീട് അമ്മയോടൊപ്പം നാടായ തിരുവല്ലയിലേക്ക് വന്നു.അവിടെ എത്തുമ്പോൾ ആഫ്രിക്കയിലെ സാഹിലി പഠിച്ച ശങ്കറിന് മലയാളം ഏറെ പ്രതിസന്ധിയിലാക്കി. പിന്നീടാണ് മാതൃഭാഷ മലയാളവും ഇംഗ്ലീഷും പഠിക്കുന്നത്.ഭാഷകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ വിക്കുണ്ടാകാൻ ഇടയാക്കി. അത് ബാല്യകാലത്തെ സങ്കീർണമായി ബാധിച്ചു. സാമൂഹ്യപ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം അതിനെ അതിജീവിച്ചത്.അക്കാലത്തെ സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ പങ്കാളിയായി.അച്ഛൻ്റെ നാടായ തിരുവനന്തപുരത്തിന്‍റെ കടലോരഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് അക്ഷരം പഠിപ്പിക്കാൻപോയ യാത്രകളിലാണ് എട്ടാംക്ളാസുകാരനായ ങ്കർ ആദ്യമായി ലോകത്തിന്റെ ഇല്ലായ്മകളെക്കുറിച്ച് ബോധവാനാകുന്നത്.

ശങ്കറും സുഗതയും
സാമ്പത്തികശാസ്ത്രവും സാഹിത്യവുമായിരുന്നു പഠനകാലത്ത് താല്‍പ്പര്യം.കണക്കില്‍ നൂറില്‍ നൂറും വാങ്ങിയത് അതിന് ‘തിരിച്ചടി’യായി. എന്‍ജിനിയറിങ് പഠിക്കേണ്ടിവന്നു.സിഇടിയില്‍നിന്ന് രണ്ടാംറാങ്കോടെ പുറത്തിറങ്ങി.ഒന്നാമനാകാത്തതില്‍ നിരാശതോന്നി. വാശി തീര്‍ക്കാന്‍ ഇംഗ്ളണ്ടില്‍ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ പോയി ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി.
പ്രകൃതിയോട് ഇണങ്ങിയ വാസ്തുവിദ്യയുടെ പ്രചാരകനായിരുന്ന ലാറി ബേക്കറിനൊപ്പം പ്രവർത്തിച്ച ശങ്കർ പ്രകൃതീയമായ നിർമ്മിതികൾക്കായി ഹാബിറ്ററ്റ് തുടങ്ങി.1980കളുടെ അവസാനം മുതലാണ് ഹാബിറ്ററ്റ് സജീവമാകുന്നത്.ആദ്യത്തെ ഫിലിപ്പ് എന്ന ഉപഭോക്താവിൽ നിന്ന് 1988-ൽ 18 കെട്ടിടങ്ങളും, 1992-93 കാലഘട്ടത്തിൽ 1500-2000 കെട്ടിടങ്ങളും നിർമ്മിക്കുന്ന സ്ഥിതിയായി.

തലസ്ഥാനത്ത് മുടവൻമുഗളിനടുത്ത് ശങ്കറിൻ്റെ പാർപ്പിടമായ മൺവീട്
ഭോപാലിലെ വാതകദുരന്തവും സുനാമിയും ഹാബിറ്റാറ്റിന് പുതിയ സേവനമേഖല തുറന്നിട്ടു.പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ നിർമ്മാണം എന്ന വലിയ ദൌത്യം.ഭോപാൽ കഴിഞ്ഞ് ഒഡിഷയിൽ,ഗുജറാത്തിലെ ലത്തൂരിൽ,ഉത്തരകാശിയിൽ, ഉത്തരാഖണ്ഡിൽ,ഇന്തോനേഷ്യയിൽ,തായ്ലൻഡിൽ,മാലിദ്വീപിൽ- പ്രകൃതിദുരന്ത ഇരകളുടെ പുനരധിവാസപ്രവർത്തനങ്ങളിൽ പങ്കാളിയായി.

ശങ്കർ,ഭാര്യ സുഗത,മകൻ സിദ്ധാർഥ്
1990കളുടെ അവസാനം ഒഡിഷയിൽ സൂപ്പർസൈക്ളോൺ കടന്നുപോയി.ചുഴലിക്കാറ്റിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നെങ്കിലും പാരദ്വീപിന് സമീപം ഹാബിറ്റാറ്റ് നിർമിച്ച മെഡിക്കൽ കോളേജിന് ഒന്നും സംഭവിച്ചില്ല.പിന്നീട് ഒഡിഷതീരത്ത് ഭ്രാന്തൻകാറ്റ് വരുംവഴിയിൽ സ്കൂളുകളും കോളേജുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ആയിരക്കണക്കിന് കെട്ടിടങ്ങൾ ഹാബിറ്റാറ്റ് ഒരുക്കി.ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസപദ്ധതി ഹാബിറ്റാറ്റ് ഏറ്റെടുത്തു;ശ്രീലങ്കയിൽ 95,000 പേർക്കായുള്ള പാർപ്പിട പദ്ധതി. യുഎന്നിൻ്റെ പലസ്തീൻ, നേപ്പാൾ പുനരധിവാസപ്രവർത്തനങ്ങളിലും പങ്കാളിയായി. ബംഗ്ളാദേശിലെ ധാക്കയിൽ പണിത മൺകെട്ടിടം വർത്തമാനലോകത്തിലെ ഏറ്റവുംവലിയ മൺനിർമിതിയാണ്.






