ബിഎൽഒയുടെ മരണം:കളക്ടറെ തള്ളി കുടുംബം

കണ്ണൂർ:ബിഎൽഒ അനീഷ് ജോർജിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ റിപ്പോർട്ട് തള്ളി അനീഷിൻ്റെ കുടുംബം.അനീഷ് മരിച്ചത് ജോലി സമ്മർദം മൂലമല്ലെന്നായിരുന്നു കളക്ടറുടെ റിപ്പോർട്ട്. എന്നാൽ ,അനീഷിന്ഔദ്യോഗിക സമ്മർദം മൂലം നേരെ ചൊവ്വേ ആഹാരം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും സാധിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.ബിഎൽഒമാരെ കുരുതികൊടുക്കുന്ന ഉദ്യോഗസ്ഥ സമ്മർദത്തിനെതിരെ ബിഎൽഒമാർ 17ന് പണിമുടക്കിലാണ്.
പയ്യന്നൂർ നിയമസഭാമണ്ഡലത്തിലെ 18-ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) അനീഷ് ജോർജിനെ(45)16ന് രാവിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.ആലപ്പടമ്പ വില്ലേജിൽ ജോർജിൻ്റെ മകനായ അനീഷ് ആലപ്പടമ്പ, കുന്നരു യുപി സ്‌കൂളിൽ ഓഫീസ് അറ്റൻഡൻ്റായി ജോലി ചെയ്തുവരികയായിരുന്നു.തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് ബിഎൽഒമാരായ അംഗൻവാടി അദ്ധ്യാപകരെ മാറ്റിനിയമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ബിഎൽഒ ആയി നിയമിക്കപ്പെട്ടത്. തുടർന്ന് എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടുവരികയായിരുന്നു.

അനീഷ് ജോർജിന് നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങളുടെ ഭാഗമായി,എന്യൂമറേഷൻ ഫോം വിതരണത്തിന് ആകെ 1065 എണ്ണം നൽകിയിരുന്നതിൽ 825 എണ്ണം വിതരണം ചെയ്തുവെന്നും 240 ഫോമുകൾ ശേഷിക്കുന്നുവെന്നുമാണ് കളക്ടറുടെ റിപ്പോർട്ട്. നവംബർ 16ന് രാവിലെ പരിശോധിച്ചപ്പോൾ, ബാക്കിയുള്ള ഫോമുകൾ ഇതിനകം വിതരണം ചെയ്തിരുന്നുവെങ്കിലും പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്തതിനാൽ, ബിഎൽഒ വിതരണത്തിനായി 50 ഫോമുകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഇആർഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിനാൽ,ഈ ബൂത്തിലെ ഫോറം വിതരണ ജോലികൾ തൃപ്തികരമായ തലത്തിൽ പുരോഗമിക്കുകയായിരുന്നുവെന്നാണ് കളക്ടറുടെ അവകാശവാദം.
ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ഫോമുകൾ വിതരണം ചെയ്യുന്നതിൽ ബിഎൽഒയെ സഹായിക്കാൻ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പ്രദീപൻ,അനീഷ് ജോർജ്ജിനൊപ്പം പോയിരുന്നു.വൈകുന്നേരം വരെ ഇദ്ദേഹത്തിനൊപ്പം കൃത്യനിർവ്വഹണത്തിൽ ഏർപെട്ടിരുന്ന ബി.എൽ.ഒക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായതായി അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടില്ല. 16 ന് രാവിലെ 8 മണിയോടെ,ജില്ലാതല എന്യൂമറേഷൻ ഫോം വിതരണ ശരാശരി 87.28% ആയിരുന്നു, സംസ്ഥാന ശരാശരി 91.26% ആയിരുന്നു. പയ്യന്നൂർ നിയോജകമണ്ഡലം അതേ സമയം 84.03% പുരോഗതി രേഖപ്പെടുത്തി.ഏകദേശം 22.54% ശേഷിക്കുന്ന ജോലിഭാരമുള്ള ഈ പ്രത്യേക ബിഎൽഒയുടെ പ്രകടനം മണ്ഡല, ജില്ലാതല പ്രവർത്തനങ്ങൾക്ക് ആനുപാതികമായിരുന്നു. തൽഫലമായി, അദ്ദേഹത്തിന് പ്രത്യേക അവലോകനമോ നിർദ്ദേശമോ, സമ്മർദ്ദമോ നൽകിയിട്ടില്ല, കൂടാതെ ജില്ലയിലുടനീളം ഏകീകൃതമായി പിന്തുടരുന്ന സ്ഥിരമായ വേഗതയിൽ തന്റെ ജോലി തുടരാൻ അദ്ദേഹത്തെ അനുവദിക്കുകയാണുണ്ടായതെന്നാണ് കളക്ടറുടെ വാദം.

അനീഷ് ജോർജ്
സംഭവം നടന്ന ദിവസം, രാവിലെ 8.45 ഓടെ, ബാക്കിയുള്ള 240 ഫോമുകൾ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ ബൂത്ത് ലെവൽ സൂപ്പർവൈസർ ഷീജ ബിഎൽഒയെ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. ശേഷിക്കുന്ന ജോലികൾ താൻ തന്നെ പൂർത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബിഎൽഒ അറിയിച്ചു.ദൈനംദിന അവലോകനത്തിൻ്റെ ഭാഗമായി മാത്രമാണ് ബി.എൽ.ഒ യെ ഫോണിൽ ബന്ധപ്പെട്ടതെന്നും ആയതിന് യാതൊരുവിധ ജോലിസമ്മർദ്ദവും ഉണ്ടായിട്ടുള്ളതായി കാണുന്നില്ലെന്നും കളക്ടർ അറിയിച്ചു.
ഇക്കാര്യത്തിൽ ഭരണപരമായ വീഴ്ചകളോ,മേൽനോട്ട പ്രശ്‌നങ്ങളോ, പിന്തുണാ സംവിധാനങ്ങളിലെ പോരായ്മകളോ കണ്ടെത്തിയിട്ടില്ല. ഫോൺ രേഖകളുടെയും ഔദ്യോഗിക ഇടപെടലുകളുടെയും പരിശോധനയിൽ,സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും,ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും അല്ലെങ്കിൽ പ്രസ്തുത സംഭവത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും ആശയവിനിമയത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിക്കുന്നു.വ്യക്തിപരമായ സമ്മർദ്ദത്തിനുള്ള സാധ്യത

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ
പരിശോധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും,ഇതുവരെ ഒരു കൃത്യമായ നിഗമനത്തിലെത്തിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും കളക്ടർ വിശദീകരിച്ചു.
അനീഷ് ജോർജിൻ്റെ വിയോഗത്തിൽ ജില്ലാ ഭരണകൂടംഅനുശോചിച്ചു. നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, ദുഃഖത്തിൻ്റെ ഈ സമയത്ത് കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകും,കൂടാതെ ബാധകമായ മാനദണ്ഡങ്ങൾക്കനുസൃതമായി അർഹമായ എല്ലാ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയും വേഗത്തിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.എന്നാൽ,ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദം മാത്രമാണെന്ന് അനീഷിൻ്റെ പിതാവ് ജോർജ് അറിയിച്ചു .

അനീഷിൻ്റെ പിതാവ് ജോർജ്
എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നെന്നും മരണത്തിൽ ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അനീഷിൻ്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെൻഷൻ കൊണ്ടാണ് ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് അനീഷിന് ജോലി സമ്മര്‍ദ്ദം ഉണ്ടായെന്ന് സഹോദരീ ഭര്‍ത്താവ് ഷൈജു പറഞ്ഞു.’സമയബന്ധിതമായി ജോലി തീര്‍ക്കാനാകുമോ എന്ന സംശയം അനീഷിനുണ്ടായിരുന്നു.സമ്മര്‍ദ്ദം ഉണ്ടെന്ന് വീട്ടില്‍ വന്ന് പറഞ്ഞിരുന്നു.വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്.സുഖമില്ലാത്ത കുട്ടിയെ ആശുപത്രിയില്‍ പോലും കൊണ്ടുപോകാനായിരുന്നില്ല. മൂന്ന് നാല് ദിവസങ്ങളായി ഉറക്കമുണ്ടായിരുന്നില്ല’ -ഷൈജു വ്യക്തമാക്കി.
അനീഷ് ജോർജിന്‍റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മിഷനും സർക്കാരും ഈ വിഷയത്തിൽ ശരിയായി അന്വേഷണം നടത്തുകയും സംഭവത്തില്‍ വ്യക്തമായ ഉത്തരങ്ങൾ നൽകുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർ പട്ടിക പുതുക്കലും ഒരേസമയം നടത്തുന്നത് ജീവനക്കാർക്ക് മേൽ കടുത്ത സമ്മർദമാണ് ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ പറഞ്ഞു.അനീഷ് കടുത്ത ജോലി സമ്മർദത്തിലായിരുന്നു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദമാണ്.ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണം.ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ജയരാജൻ പറഞ്ഞു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപക-ടീച്ചേഴ്‌സ് സർവീസ് ഓർഗനൈസേഷനുകളുടെയും ആക്ഷൻ കൗൺസിലുകളുടെ നേതൃത്വത്തിൽ, സംസ്ഥാനത്തുടനീളമുള്ള ബിഎൽഒമാർ പ്രതിഷേധ പ്രകടനത്തിന്‍റെ ഭാഗമായി ജോലി ബഹിഷ്‌കരിച്ചു.ഇതു കൂടാതെ ചീഫ് ഇലക്‌ടറൽ ഓഫിസറുടെ ഓഫിസിലേക്കും ജില്ലാ ഇലക്ഷൻ ഓഫിസർമാരുടെയും (കലക്‌ടറേറ്റുകൾ)ഓഫിസുകളിലേക്കും പ്രതിഷേധ മാർച്ചുകളും നടത്തി.






