പിവി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

മലപ്പുറം:മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇഡി) റെയ്ഡ്.അൻവറിൻ്റെ മലപ്പുറം ഒതായിലെ വീട്ടിലും മഞ്ചേരി സിൽസില പാർക്കിലും സഹായി സിയാദ് അമ്പായത്തിങ്ങലിൻ്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.ഇഡി കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷന്(കെഎഫ്സി)22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി രംഗത്തെത്തിയത്.ഇതുമായി ബന്ധപ്പെട്ട കെഎഫ്സി ഉദ്യോഗസ്ഥരുടെ വീടുകളിലും ഇഡി പരിശോധന നടത്തി.

അൻവറിൻ്റെ വീട്ടിൽ രാവിലെ 6.30ഓടെ ഇഡി സംഘം എത്തി.ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി.അൻവർ വീട്ടിലുണ്ടോ എന്ന് വ്യക്തമല്ല.
കെഎഫ്സി മലപ്പുറം ശാഖയില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി.വി അന്‍വര്‍, സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
അൻവറിൻ്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു.അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് ഇഡി പരിശോധന നടത്തുന്നത്.






