എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

കൊച്ചി:എഡിജിപി എം.ആർ.അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർ നടപടികൾക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.കേസിൽ തുടർനടപടി വേണ്ടെന്നും വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.അജിത് കുമാറിന് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശവും ഹൈക്കോടതി റദ്ദാക്കി.
വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് കോടതി വിലയിരുത്തി.
എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താന്‍ പൊതുസേവകന്‍ ആണെന്നും, അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര പി നാഗരാജ് ആണ് അജിത് കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്.സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുമ്പോട്ടു പോകാമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വിധിയില്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും സര്‍ക്കാരിന് പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ അദൃശ്യശക്തികള്‍ ഇടപെടല്‍ നടത്തിയെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ അനുചിതമായി പോയി എന്ന് ഹൈക്കോടതി വിലയിരുത്തി.തുടര്‍ന്നാണ് ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയത്.
പ്രോസിക്യൂഷന്‍ അനുമതിക്കായി താന്‍ ഉടന്‍ തന്നെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കുമെന്ന് അഡ്വ.നെയ്യാറ്റിന്‍കര നാഗരാജ് പറഞ്ഞു.സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ല.അനുമതി നല്‍കിയില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.






