കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ 27 മുതൽ

തിരുവനന്തപുരം:രാജ്യത്ത് കളകൾ മൂലമുള്ള വിളനഷ്ടം ശരാശരി 34% !അതായത് മൊത്തം വിളയുടെ മൂന്നിലൊന്നിലേറെ കളകൾ നശിപ്പിക്കുന്നു!
ഇത് കീടങ്ങളും രോഗങ്ങളും 26% വീതം എന്ന കണക്കിൽ വരുത്തുന്ന നഷ്ടത്തിലും വളരെ അധികമായതോടെ ഇതേക്കുറിച്ച് വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അന്തർദേശീയ സെമിനാർ ഈ വിഷയം ചർച്ച ചെയ്യും.
അന്തരീക്ഷ താപനിലയുടെ വർദ്ധനവും മഴയുടെ അളവിലും ലഭ്യതാക്കാലത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും കളകളുടെ വ്യാപനം വേഗത്തിലാക്കുകയും വിളവുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സുസ്ഥിരകൃഷിക്കുള്ള അടിസ്ഥാനഘടകമായി പരിസ്ഥിതിസൗഹൃദ കളനിയന്ത്രണരീതികളുടെ പ്രാധാന്യം ഈ സെമിനാർ വ്യക്തമാക്കും.
കാലാവസ്ഥാ വ്യതിയാനത്താൽ ഉണ്ടാകുന്ന കളകളുടെ വ്യാപനത്തെ നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന സെമിനാർ നവംബർ 27 രാവിലെ 9.45ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്യും.ലോക ബാങ്ക് ധനസഹായം ചെയ്യുന്ന കേരള കേര പ്രോജക്ട്,നബാർഡ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന സെമിനാറിൽ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും.
കാലാവസ്ഥാ-സ്മാർട്ട് കൃഷിക്കായുള്ള നൂതന സാങ്കേതിക വിദ്യകൾ,വിളകളിലും വിളസമ്പ്രദായങ്ങളിലുമുള്ള പ്രധാനകളകളുടെ വളർച്ചയിലും വ്യാപനത്തിലും കാലാവസ്ഥാമാറ്റത്താലുണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രതികൂലകാലാവസ്ഥയിൽ കൃഷിക്കുള്ള അതിജീവനസാദ്ധ്യതകൾ, ഫലപ്രദമായ വിഭവവിനിയോഗത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: www.cwis2025.com.






