ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന്‍ വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്. മേനോന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് 29ന് വൈകിട്ട് 6 മണിക്ക് ടാഗോർ തിയേറ്ററിൽ ഇത് ആഘോഷിക്കുകയാണ്.ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്‍റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ബാലചന്ദ്രമേനോൻ സ്ഥാപിച്ച ‘റോസസ് ദ ഫാമിലി ക്ലബ്ബി’നാണ് ആഘോഷപരിപാടികളുടെ നേതൃത്വം .

കോളേജ് കാല ചങ്ങാതികളായ ബദറുദ്ദീൻ,ബഷീർ,കല്ലറ മധു എന്നിവരോടൊപ്പം ബാലചന്ദ്രമേനോൻ 1972ലെ ചിത്രം

കോളേജ് കാല ചങ്ങാതികളായ ബദറുദ്ദീൻ,ബഷീർ,കല്ലറ മധു എന്നിവരോടൊപ്പം ബാലചന്ദ്രമേനോൻ 2025ലെ ചിത്രം
‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്രമേനോൻ’ എന്ന് വെള്ളിത്തിരയിൽ പ്രത്യേക്ഷപ്പെട്ടുതുടങ്ങിയത് 1978ൽ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി’ മുതലാണ്. അതിനും രണ്ടുവർഷം മുൻപ് നാന സിനിമാ വാരികയുടെ റിപ്പോർട്ടറായാണ് ബാലചന്ദ്രമേനോൻ സിനിമാജീവിതത്തിലേക്കെത്തുന്നത്. സിനിമാ ജേർണലിസ്റ്റ് എന്ന രീതിയിലുള്ള ആ യാത്രയാണ് സ്വന്തം സിനിമയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.ആറ് സിനിമകൾക്കുശേഷം,1981ൽ പുറത്തിറങ്ങിയ ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’എന്ന സിനിമിയിലൂടെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം നടനായും മേനോൻ വെള്ളിത്തിരയിലെത്തി.

1982ൽ പുറത്തിറങ്ങിയ ‘ചിരിയോ ചിരി’ മുതല്‍ സംവിധാനം ചെയ്യുന്ന സിനിമകളിൽ മേനോനെ മുഖ്യവേഷത്തില്‍ സിനിമാപ്രേക്ഷകര്‍ കണ്ടുതുടങ്ങി.സംവിധാനം ചെയ്ത 37 സിനിമകളിൽ 27ലും മേനോൻതന്നെയായിരുന്നു നായകൻ.മിക്കവാറും സിനിമകളില്‍ നായികമാരായി പുതുമുഖങ്ങളെ പരീക്ഷിക്കാനും മേനോന്‍ ധൈര്യംകാട്ടി.ശോഭന, കാർത്തിക, രോഹിണി, പാർവ്വതി തുടങ്ങിയ നടിമാരെല്ലാം പുതുമുഖങ്ങളായി രംഗപ്രവേശംചെയ്തത് ബാലചന്ദ്രമേനോന്‍റെ സിനിമകളിലൂടെയാണ്.

തലയിലൊരു വട്ടക്കെട്ടുംകെട്ടിയുള്ള ബാലചന്ദ്രമേനോന്‍റെ പടവും സിനിമയുടെ പേരിനു താഴെ ആ പേരും ഉണ്ടെങ്കിൽ കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയകാലം.മമ്മൂട്ടി നായകനായി 1991ൽ പുറത്തുവന്ന ‘നയം വ്യക്തമാക്കുന്നു’ ആണ് ഇതിനിടയിൽ അദ്ദേഹം അഭ്രത്തിലില്ലാതെ റിലീസ് ചെയ്ത ഏക മലയാള സിനിമ.പതിവ് ബാലചന്ദ്രമേനോൻ സിനിമകളുടെ സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായ കഥയായിരുന്നു ആ സിനിമയുടേത്.1986ൽ ‘തായക്ക് ഒരു താലാട്ട്’ എന്ന തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മറ്റു സംവിധായകരുടെ മുപ്പതിലധികം സിനിമകളിലും അദ്ദേഹം വേഷമിട്ടു.
ഇതിനിടയിൽ നിർമാതാവ്,ഗാനരചയിതാവ്,സംഗീതസംവിധായകൻ,ഗായകൻ,എഡിറ്റർ തുടങ്ങി സിനിമയുടെ മിക്കവാറും മേഖലകളിലും മേനോൻ കൈവച്ചു.’എന്‍റെ അമ്മു നിന്‍റെ തുളസി അവരുടെ ചക്കി’ എന്ന സിനിമയിൽ ഗായകനായും ‘അച്ചുവേട്ടൻ്റെ വീടി’ല്‍ എഡിറ്ററായും ‘സമാന്തരങ്ങ’ളിൽ സംഗീതസംവിധായകനായും തുടക്കമിട്ടു. 1998ൽ സ്വന്തം സൃഷ്ടിയായ ‘സമാന്തരങ്ങളി’ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു.2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

ബാലചന്ദ്രമേനോനും ഭാര്യ വരദയും
ഈ വര്‍ഷം സിനിമാജീവിതത്തിൻ്റെ അൻപതാണ്ട് പൂർത്തിയാകുമ്പോൾ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുകയാണ് അദ്ദേഹമിപ്പോൾ. വൈകാതെ അടുത്ത സിനിമ സംവിധാനംചെയ്യുകയെന്ന പദ്ധതിയും ബാലചന്ദ്രമേനോനുണ്ട്.






