ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

തിരുവനന്തപുരം:ധനമന്ത്രിയായിരിക്കേ കിഫ്ബിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിച്ചതിൻ്റെ പേരിൽ നേരത്തെ ഡോ.ടി.എം തോമസ് ഐസക്കിനെതിരെ നോട്ടീസയച്ച് വിരട്ടാൻ നോക്കയ എൻഫോഴസ്മെൻ്റ് ഡയറക്ടറേറ്റി(ഇഡി)ന്ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടതിൻ്റെ തനിയാവർത്തനത്തിന് ഇക്കുറിയും സാധ്യത. ഇത്തവണ മുഖ്യമന്ത്രിക്കും കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാമിനും നോട്ടീസ് അയച്ചിട്ടുണ്ട്. അതിലുള്ള വിവരങ്ങളേറെയും വസ്തുതാപരമല്ലെന്ന സൂചനയോടെ നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു എന്നാണ് തോമസ് ഐസക് നൽകുന്ന സൂചന.
‘വെറും കള്ളം…. പച്ചക്കള്ളം… പിന്നെ ED-യുടെ കള്ളക്കണക്കുകളും’എന്ന തലക്കെട്ടിൽ അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:
‘2022-ൽ മസാലബോണ്ട് പണം ഏതെല്ലാം പ്രൊജെക്ടുകൾക്കാണ് വിനിയോഗിച്ചത് എന്നത് സംബന്ധിച്ച കണക്ക് ഇഡി കിഫ്ബിയോട് ചോദിച്ചു. കിഫ്‌ബി കൃത്യമായ കണക്കും നൽകി.18 വ്യത്യസ്ത മേഖലകളിൽ 339 പദ്ധതികൾക്കായിട്ടാണ് പണം ചിലവഴിച്ചത്.ഇതിൽ 66 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി ചിലവഴിച്ചിട്ടുണ്ടെന്ന കണക്കും പെടും.എന്നാൽ ഇഡിയുടെ ഷോക്കോസ് നോട്ടീസിൽ പറയുന്നത് 466 കോടി രൂപ ഭൂമി വാങ്ങുന്നതിനായി വിനിയോഗിച്ചു എന്നാണ്.66 കോടി രൂപയെങ്ങിനെ 466 കോടിരൂപയായി? ഇങ്ങനെ പെരുപ്പിച്ചെടുത്തതിന്റെ ന്യായവും മാർഗ്ഗവും ഇഡി ഇനി കേരളത്തോട് വിശദീകരിച്ചേ മതിയാവൂ.

പ്രൊജക്ടുകളുടെ ലിസ്റ്റും 466 കോടി രൂപയുടെ ഭൂമിയേറ്റെടുക്കൽ കണക്കും കണ്ടപ്പോൾ തന്നെ സംശയം മണത്തതാണ്. ലിസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തികൾക്ക് 466 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ ഒരിക്കലും വേണ്ടിവരില്ല എന്നത് ഉറപ്പായിരുന്നു. കിഫ്‌ബി സിഇഒ കെ.എം. എബ്രഹാമിന്‍റെ പത്രക്കുറിപ്പ് വായിച്ചതോടെ കാര്യങ്ങൾ വ്യക്തമായി.66 കോടി രൂപമാത്രമാണ് ഭൂമി ഏറ്റെടുക്കാനായി ഉപയോഗിച്ചത്. ബാക്കി ഇഡിയുടെ കള്ളക്കണക്ക്.
രണ്ടു സാദ്ധ്യതകൾ ഉണ്ട്. ഒന്ന്, പ്രോജക്ട് എസ്റ്റിമേറ്റിൽ പറഞ്ഞത്ര ചെലവ് ഭൂമി ഏറ്റെടുക്കാൻവേണ്ടി വന്നില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചിലവ് ഒരുപക്ഷെ മറ്റു സ്ത്രോതസ്സുകളിൽ നിന്ന് കണ്ടെത്തിക്കാണും. അതല്ലെങ്കിൽ ആളുകൾ സൗജന്യമായി സറണ്ടർ ചെയ്തുകാണും.ഇഡിഇതൊന്നും പരിഗണിച്ചില്ല.
രണ്ട്, പ്രൊജക്ടുകളുടെ മൊത്തം ചെലവിന്റെ ചെറിയൊരു ശതമാനമേ ഭൂമിക്കു വേണ്ടി വന്നുള്ളൂ.എന്നാൽ കണക്ക് പെരുപ്പിച്ചു കാണിക്കാൻ ഇഡിപ്രോജക്ടുകളുടെ മൊത്തം അടങ്കലിന്‍റെ അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയത്. 66 കോടി രൂപ ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് എന്നുവച്ചാൽ മൊത്തം മസാല ബോണ്ടിന്‍റെ 3% മാത്രമേ വരൂ. അത്രയും തുക കേട്ടാൽ ആർക്കും ഒരു ഞെട്ടൽ ഉണ്ടാവില്ല.
ഏത് മാർഗ്ഗം ഉപയോഗിച്ചാലും ഇതിൽ പരം ഒരു കള്ളത്തരം അന്വേഷണ ഏജൻസിക്ക് ചെയ്യാനില്ല. കാരണം ഇഡി ഇത്രയും ബുദ്ധിമുട്ടി അന്വേഷണം നടത്തി കണക്കുകൽ കണ്ടെത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. സിഎജി ഓഡിറ്റ് ചെയ്ത കൃത്യമായ കണക്ക്, അതിൽ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വന്ന ചെലവ് പ്രത്യേകം കാണിച്ചുതന്നെ രണ്ടുവർഷം മുൻപ് കിഫ്‌ബി സ്റ്റേറ്റ്മെൻ്റ് കൊടുത്തതാണ്. എന്നിട്ടും ഇഡി പെരുംകള്ളം തയ്യാറാക്കാൻ മുതിർന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഇതു മാത്രമല്ല ഇഡിയുടെ കള്ളം. 2016-നു മുൻപ് ഭൂമി അക്വയർ ചെയ്യുന്നതിനുപോലും വിദേശ വായ്‌പാ പണം ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. 2016-ൽ ഭൂമി ഏറ്റെടുക്കുന്നതിനെ നിഷേധ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. 2018-ലും 2019-ലും ആർബിഐ വ്യവസ്ഥകൾ കൂടുതൽ ഉദാരവൽക്കരിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിന് വേണ്ടി വിദേശ വായ്‌പാ പണം ഉപയോഗിക്കുന്നതിനു മാത്രമാക്കി നിയന്ത്രണം മാറ്റി. ഇതിനൊക്കെ ശേഷമാണ് മസാലബോണ്ട് ഫണ്ടിന്റെ വിനിയോഗം. എന്നിട്ട് 2016-നു ശേഷം ചട്ടങ്ങളിൽആർബിഐ വരുത്തിയ മാറ്റങ്ങൾ ഇഡി അറിഞ്ഞിട്ടില്ലായെന്ന ഭാവത്തിൽ കുറ്റപത്രം തയ്യാറാക്കുക!
കള്ളക്കണക്കും, കള്ളസാക്ഷിയുമായി നടക്കുന്ന ഇവരെ വെറുതെ വിടാൻ പാടില്ല’






