രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി:എംഎ ഷഹനാസ്

രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി പറമ്പിലെന്നും ഷഹനാസ്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എംഎ ഷഹനാസ്.

എംഎ ഷഹനാസ്
‘രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു.കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്.എന്താണ് നിങ്ങൾ ഞങ്ങളോട് പറയാതെ പോയതെന്ന് രാഹുൽ മെസേജ് അയച്ചിരുന്നു.
വലിയ ആഗ്രഹമുണ്ടായിട്ട് പോയതാണെന്നും യൂത്ത് കോൺഗ്രസിലെ എല്ലാവർക്കും കൂടി ഒന്നിച്ചു പോകാനാണെങ്കിൽ വീണ്ടും പോകാമെന്നും ഞാൻ പറഞ്ഞു.അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മൾ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിവിന്‍റെ മറുപടി.അതിനുള്ള ഉത്തരം അന്ന് ഞാൻ കൊടുത്തിരുന്നു.’-അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു.ഇല്ലെന്ന് ഷാഫി പറയട്ടെ.ഷാഫി പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു.രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്.കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്ക് പ്രവർത്തിക്കണം.അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്.സ്ത്രീയെന്ന രീതിയിൽ അന്ന് തൻ്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു’- ഷഹനാസ് ചൂണ്ടിക്കാട്ടി.
രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി. തന്നെയും എംകെ മുനീർ എംഎൽഎയും ചേർത്ത് യൂത്ത് കോൺഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിൻ്റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് കോൺഗ്രസ് നേതാക്കൾക്കും നൽകി. എന്നാൽ തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.
ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത് ഷാഫി പറമ്പിലിൻ്റെ നിർബന്ധപ്രകാരമാണ്. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ് അഖിലിനെയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും
ഉമ്മൻചാണ്ടിയുടെ നിർദ്ദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്താണ് രാഹുൽ അധ്യക്ഷനായതെന്ന ആരോപണം ഉയർന്നത് സംഘടനയിൽ നിന്ന് തന്നെയാണെന്നും ഷഹനാസ് പറഞ്ഞു.






