ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകൾ

അവർക്ക് ഇനിയും ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്നത് തന്നെ എന്തൊരു ഗതികേടാണ്?
തിരുവനന്തപുരം:ശരിക്കും ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകളാണെന്നും അതിജീവിതകളാണെന്നും കഥാകൃത്തും എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാട്. ഇത്രകാലം കഴിഞ്ഞിട്ടും ഈ വ്യക്തിയോട് അവർക്ക് ഇനിയും ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്നത് തന്നെ എന്തൊരു ഗതികേടാണെന്ന് അദ്ദേഹം ചോദിക്കുന്നു.

മനോജ് വെള്ളനാട്
മനോജ് വെള്ളനാടിൻ്റെ ഫെയ്സ്ബുക് പോസ്റ്റ്:
‘അടിയേറ്റ വിഷപ്പാമ്പിന് തൻ്റെ ജീവൻ തിരിച്ചു കിട്ടിയതിലല്ലായിരുന്നു സന്തോഷം, ഇനിയും വിഷം ചീറ്റാൻ ബാക്കിയുണ്ടെന്നും താൻ വെറുതെയിരിക്കില്ലെന്നും ചിലരെയൊക്കെ അറിയിക്കാനായിരുന്നു ആ അവസരം ഉപയോഗിച്ചത് എന്നത് ആദ്യ പ്രതികരണത്തിൽ തന്നെ വ്യക്തം. അതയാളുടെ ശരീരഭാഷയിലും സംസാരത്തിലും പ്രകടം.
വെട്ടുകിളികൾക്കുള്ള മധുരവിതരണം മാത്രമല്ല അവിടെ നടന്നത് അടുത്ത ശത്രുവിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. പഴയത് ഒളിവിൽ ചെയ്ത ഗൂഡാലോചന എങ്കിൽ ഇത് പബ്ലിക്കായി തന്നെ ക്വൊട്ടേഷൻ കൊടുക്കലായിരുന്നു.
ശരിക്കും ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകളാണ്. അതിജീവിതകളാണ്. പക്ഷെ ഇത്രകാലം കഴിഞ്ഞിട്ടും ഈ വ്യക്തിയോട് അവർക്ക് ഇനിയും ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്നത് തന്നെ എന്തൊരു ഗതികേടാണ്.
ഇനിയിപ്പോൾ എല്ലാ സംഘടനകളിലേക്കും പൂർവ്വാധികം ശക്തിയോടെ അയാൾ തിരികെ വരും. റിയാലിറ്റി ഷോകൾ അയാളെ അതിഥിയാക്കാൻ മത്സരിക്കും. സിനിമാ നേരങ്ങളിൽ അയാളുടെ വളിപ്പുകൾ ഒഴിവാക്കാൻ മലയാളി പ്രേക്ഷകർ ടിവി ഓഫാക്കേണ്ടി വരും. വീണ്ടും തിയറ്ററുകളിൽ മറ്റു നടന്മാരുടെയും അതിജീവിതമാരുടെയും അവർക്കൊപ്പം നിന്നിരുന്ന സകല നടിമാരുടെയും ചിത്രങ്ങൾക്ക് കൂക്കൽ കേട്ടു തുടങ്ങും. മൊത്തത്തിൽ മാലിന്യം കൊണ്ട് നിറയും.
ഈ ഗതികേടിനെ ഞാനും നിങ്ങളും ഒക്കെ പ്രതിരോധിച്ചേ മതിയാകൂ. 100% അവഗണിക്കുക ഇത്തരം ക്രിമിനലുകളെ.. ഇരകൾക്കൊപ്പം നിൽക്കുക.’






