ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യയുടെ സഹായത്തോടെ കൊച്ചി നാവിക ആസ്ഥാനത്ത് ജൈവ മാലിന്യ സംസ്കരണ പദ്ധതി

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയായ ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യ, കൊച്ചി നേവൽ ബേസ് ആസ്ഥാനമായ ഐ എൻ എസ് വെണ്ടുരുത്തിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കമ്പനിയുടെ സി എസ് ആർ സംരംഭങ്ങളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മാലിന്യ സംസ്കരണ മേഖലയിൽ പ്രമുഖരായ റാം ബയോളജിക്കൽസിൻ്റെ സഹകരണത്തോടെ, ഐ എൻ എസ് വെണ്ടുരുത്തിയിൽ സമ്പൂർണ്ണ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ അവസാന ഘട്ടവും ഇതോടെ പ്രവർത്തനം ആരംഭിച്ചു. ഈ പദ്ധതി കൊച്ചി നാവിക സേനയുടെ സീറോ വേസ്റ്റ് ക്യാമ്പസ് എന്ന ലക്ഷ്യത്തിലേക്കും ലെഗ്രാൻഡിൻ്റെ സർക്കുലർ ഇക്കണോമിയിലേക്കുമുള്ള ചുവടു വെയ്പ്പാണ്.
ഈ പദ്ധതിയുടെ ഭാഗമായി, പ്രതിദിനം ഏകദേശം 1 ടൺ ശേഷിയുള്ള, പൂർണ്ണമായും ഓട്ടോമാറ്റിക്കായ ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഷ്രെഡിംഗ്, ഡ്രൈയിംഗ് പ്രക്രിയകൾ സംയോജിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റ്, 12 മണിക്കൂറിനുള്ളിൽ ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റിങ്ങിന് അനുയോജ്യമായ ഈർപ്പമില്ലാത്തതും ദുർഗന്ധരഹിതവുമായ വസ്തുവാക്കി മാറ്റുന്നു. വൈദ്യുത ഹീറ്റിംഗ് കോയിലുകൾ ഉപയോഗിക്കാതെയുള്ള പ്രക്രിയ ആയതിനാൽ ഊർജക്ഷമത ഉറപ്പാക്കാനും ഇത് മൂലം സാധിക്കുന്നു. ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. പൂർണമായ ഓട്ടോമേഷൻ വഴി 100 ശതമാനം ജൈവ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ സംവിധാനം.
ഇന്ത്യൻ നാവിക സേനയുമായി ചേർന്നുള്ള ഈ പദ്ധതി, പരിസ്ഥിതിയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കുകയും സർക്കുലർ ഇക്കണോമിയിലേക്കുള്ള വഴികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നവീന പരിഹാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യ സി എസ് ആർ ആൻഡ് സസ്‌റ്റൈനബിലിറ്റി വൈസ് പ്രസിഡന്റ്റ് ആബിദ അനീസ് പറഞ്ഞു.
ഇന്ത്യൻ നാവിക സേനയും ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യയും കഴിഞ്ഞ വർഷം തുടക്കമിട്ട വിജയകരമായ സഹകരണത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി. ഇതു പ്രകാരം, പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗത്തിനായി ഒരു മെറ്റീരിയൽ റിക്കവറി ഫസിലിറ്റി സ്ഥാപിക്കാൻ ഗ്രൂപ്പ് ലെഗ്രാൻഡ് ഇന്ത്യ നാവിക ആസ്ഥാനത്തെ പിന്തുണച്ചിരുന്നു. ഇതിലൂടെ വർഷം തോറും 100 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം പുതിയ ജൈവ മാലിന്യ സംസ്കരണ സംവിധാനം കൂടി ഉൾപ്പെടുത്തിയതോടെ, 11,000ത്തിലധികം അംഗങ്ങളുള്ള കൊച്ചി നാവിക ആസ്ഥാനത്ത് ഖര മാലിന്യങ്ങൾ ഇല്ലാതാക്കുക എന്ന ഉദ്യമത്തിലേയ്ക്ക് കൂടുതൽ അടുക്കുകയാണ്.
രാജ്യത്തുടനീളം മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയായി സ്വീകരിക്കാവുന്ന ഒരു മാലിന്യ സംസ്കരണ സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്ന് ഐ എൻ എസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസറും കൊച്ചി നാവിക സ്റ്റേഷൻ കമാൻഡറുമായ കമഡോർ വി. സെഡ്. ജോബ് പറഞ്ഞു.






