‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

കോൺഗ്രസിൻ്റെ തൊഴിയും ദീപ്തി എന്ന മാതൃകയും :കലവൂർ രവികുമാർ
കൊച്ചി:കൊച്ചി കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ദീപ്ത പ്രതീക്ഷയാണെന്ന് എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ.’പാർട്ടിയുടെ തൊഴിയും ദീപ്തി എന്ന മാതൃകയും’എന്ന തലക്കെട്ടിൽ അദ്ദേഹമെഴുതിയ ഫെയ്സ് ബുക് കുറിപ്പിലാണ് ഈ വിശേഷണം.

കലവൂർ രവികുമാർ
കലവൂർ രവികുമാറിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘കെപിസിസി ഭാരവാഹിയായ ഏക സ്ഥാനാർഥിയായതുകൊണ്ട് ജയിച്ചാൽ ദീപ്തി മേരി വർഗീസ് കൊച്ചി മേയർ ആവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അവരും അങ്ങനെ കരുതിയിരിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറുമെന്ന് അവർ തീരെ കണക്കുകൂട്ടിക്കാണില്ല.കോൺഗ്രസിന് വോട്ടു ചെയ്ത മനുഷ്യരും പിന്നിലൂടെയുള്ള ഈ പ്രഹരത്തിൻ്റെ ഇതികർത്തവ്യാമൂഢതയിലാണ്.
ഭൂരിപക്ഷസമുദായം തന്നെ അങ്ങു ഭരിക്കണമെന്ന ചിന്തയിൽ വലിയ ഫാസിസം ഒന്നും ഈ നാടിനു പരിചയമില്ല. ബിജെപിയുടെ ഈ വാൾ എടുത്തു സൗകര്യപൂർവം ഉപയോഗിക്കുന്നത് കോൺഗ്രസ് അവർക്കുണ്ടെന്നു അവകാശപ്പെടുന്ന മതനിരപേക്ഷമുഖത്തിന് നേരെയുള്ള സ്വയം കാറിതുപ്പലണ്. അവനവൻ്റെ മുഖത്തിന് നേരെ ഇങ്ങനെ തുപ്പി തുപ്പിയാണ് ഇന്ത്യയിൽ കോൺഗ്രസ് ഏറെക്കുറെ ഒരു അശ്ലീലമായത്.ഇനി തിരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തവണ കോൺഗ്രസ് പുറം കാൽ കൊണ്ട് തൊഴിച്ച മനുഷ്യരുടെ വോട്ട് ഏകീകരണം തന്നെ കൊച്ചിയിൽ സംഭവിച്ചേക്കാം.

ഇതിനിടയിലും ദീപ്തി മേരി വർഗീസ് ഒരു ദീപ്ത പ്രതീക്ഷയാണ്. പരിഭവമില്ല എന്ന അവരുടെ വാക്ക് കോൺഗ്രസിന് തീരെ അറിവില്ലാത്ത മോഹമുക്തതയാണ്. ഒരാൾ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് തന്നെ പലതും(എല്ലാം) മോഹിച്ചാണല്ലോ. അപ്പോഴാണ് ഇതുവരെ കൂടെ നിന്ന സ്വന്തം സഹപ്രവർത്തകർ തൊഴിച്ചു പുറത്ത് നിർത്തിയ ഒരാൾ ഏറ്റവും അച്ചടക്കമുള്ള മാതൃകയാവുന്നത്.
കോൺഗ്രസ് എന്തെന്ന് അറിയുന്ന എല്ലാവരും ഞെട്ടിയിട്ടുണ്ട്.
എന്തായാലും തല ഉയർത്തിനിൽക്കുന്ന ഈ കോൺഗ്രസ് അപൂർവതക്കു അഭിവാദ്യങ്ങൾ’






