പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ

സിപി എം കൽപ്പറ്റ ഏരിയാ കമ്മിറ്റിയംഗമായ പി വിശ്വനാഥൻ കൽപ്പറ്റ നഗരസഭാധ്യക്ഷൻ
കൽപ്പറ്റ: ആദിവാസി ഗോത്ര വിഭാഗത്തിലെ പണിയ സമുദായത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ അധ്യക്ഷനായി കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി വിശ്വനാഥൻ.
സിപി എം കൽപ്പറ്റ ഏരിയാ കമ്മിറ്റിയംഗമായ പി വിശ്വനാഥൻ ജനറൽ വാർഡിൽനിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡൻ്റുമാണ്.

കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി വിശ്വനാഥൻ
എടഗുനി കുരുന്തൻ ഉന്നതിയിൽ നിന്ന് ഡിവൈഎഫ്‌ഐയിലൂടെ വളർന്ന പൊതുപ്രവർത്തകനാണ് ഈ നാൽപതുകാരൻ. രണ്ടാം തവണയാണ് വിശ്വനാഥൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിൽ നഗരസഭയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്.
പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത നഗരസഭ അധ്യക്ഷനായി 17 വോട്ട് നേടി വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടു.തദ്ദേശ തിരഞ്ഞെടുപ്പിൽ 30 ഡിവിഷനുകളിൽ 17 എണ്ണവും നേടിയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായുള്ള യുഡിഎഫ് ഭരണത്തിന് തിരശ്ശീലയിട്ടത്.കഴിഞ്ഞ തവണ 15 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ഒതുങ്ങി.
കരിന്തണ്ടൻ നാടൻ പാട്ട് കലാ ഗ്രൂപ്പിന്‍റെ സജീവ പ്രവർത്തകനാണ് വിശ്വനാഥൻ.കൽപ്പറ്റ ഓപ്പറേറ്റീവ് ബാങ്ക് സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയാണ് ഇദ്ദേഹം.






