നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്

ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് നേടിയത് നാലു തവണ,
ഒരു പ്രാവശ്യം ആർ. ശങ്കരനാരായണൻ തമ്പി അവാർഡ്
തിരുവനന്തപുരം:നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്.50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിൻ്റെ വേദിയിൽ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.
‘മെട്രോവാർത്ത ‘യിൽ പ്രസിദ്ധീകരിച്ച ‘സഭയിലെ ചോദ്യങ്ങൾ, ഉത്തരങ്ങളും’ എന്ന ‘അതീതം’ പംക്തിയിലെ ലേഖനത്തിനാണ് ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്.50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു. ചെയർമാനും പി. എസ്.രാജശേഖരൻ, ആലങ്കോട് ലീലാകൃഷ്ണൻ, സരസ്വതി നാഗരാജൻ, കെ. കെ. ഷാഹിന എന്നിവർ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
തുടർച്ചയായി നാലുതവണ നിയമസഭാ മാധ്യമ അവാർഡ് നേടിയ എം.ബി സന്തോഷിൻ്റെ അതീതം പംക്തിക്ക് ലഭിക്കുന്ന രണ്ടാം നിയമസഭാ അവാർഡാണിത്.കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച കേരളീയം- വി.കെ മാധവൻകുട്ടി അവാർഡും സന്തോഷിനായിരുന്നു. ഈ വർഷം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ വികസനോന്മുഖ മാധ്യമ അവാർഡ്, ഫാർമസി കൌണ്‍സിൽ മാധ്യമ അവാർഡ്,ഇടുക്കി പ്രസ് ക്ലബ്ബിൻ്റെ കെ പി ഗോപിനാഥ് അവാർഡ് എന്നിവയും സന്തോഷ് ഏറ്റുവാങ്ങി.
നിലവിൽ നമ്മുടെ മലയാളം ഡോട്ട് കോം(www.nammudemalayalam.com) എഡിറ്ററായ എം.ബി.സന്തോഷ്, കേരള കൌമുദി തിരുവനന്തപുരം ബ്യൂറോ ചീഫ്,റീജിയണൽ എഡിറ്റർ,ഇന്ത്യാവിഷൻ തിരുവനന്തപുരം ബ്യൂറോ ചീഫ്,റീജിയണൽ എഡിറ്റർ,സീനിയർ ന്യൂസ് എഡിറ്റർ,മംഗളം ടെലിവിഷൻ ഡയറക്ടർ ന്യൂസ്,മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാൽക്കുളങ്ങര ‘ശ്രീരാഗ’ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഡോ.എസ്.പി ഭരത്,തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്. പൂർണ ഉറൂബ് നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ‘ആടുകഥ’ ഉൾപ്പെടെ 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് സൂരജ് ടി, മാതൃഭൂമി യാത്ര മാഗസീൻ (കപാലിയുടെ നൃത്തം, മത്തവിലാസം കൂത്ത് എന്ന ഫീച്ചർ), ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് – പി. വി. ജിജോ, ദേശാഭിമാനി (മാലിന്യമല്ല മാണിക്യം എന്ന റിപ്പോർട്ട്)എന്നിവരും ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ് – അഞ്ജു രാജ്, ഏഷ്യാനെറ്റ് ന്യൂസ് (മേളപ്പെരുമയുടെ നെറ്റിപ്പട്ടങ്ങൾ എന്ന പരിപാടി), കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ് – ബിജു കെ. എം., ഏഷ്യാനെറ്റ് ന്യൂസ് (നീതി ആര് നൽകും എന്ന റിപ്പോർട്ട്)എന്നിവരും നിയമസഭാ അവാർഡിന് അർഹരായി.






