ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

ആദ്യ നാല് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ‘സർവ്വംമായ’
തിരുവനന്തപുരം:8 ദിവസം കൊണ്ട് ലോക വ്യാപകമായി 75 കോടി ഗ്രോസ് കളക്ഷൻ നേടി അഖിൽ സത്യന്‍റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ കുതിപ്പ് തുടരുന്നു. ഞായറാഴ്ച്ചയോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ നാല് ദിവസത്തിൽ 50 കോടി ക്ലബ്ബിലും ‘സർവ്വംമായ’ എത്തി. ‘സർവ്വംമായ’യുടെ 15 ലക്ഷത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ഇതിനകം വിറ്റ് പോയത്. അജു വർഗ്ഗീസ്, റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ് പലേരി, വിനീത്, മധു വാര്യർ, മേതിൽ ദേവിക തുടങ്ങിയവരാണ് സർവ്വം മായയിലെ മറ്റ് അഭിനേതാക്കൾ.
ക്രിസ്മസ് ദിനമായ ഡിസംബർ 25-ന് തീയേറ്ററുകളിൽ എത്തിയ ചിത്രം, നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വേഗത്തിൽ 50 കോടി കടക്കുന്ന സിനിമകളിൽ ഒന്നായി മാറി. കായംകുളം കൊച്ചുണ്ണിക്കും പ്രേമത്തിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്.

അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഫാന്റസി ഹൊറർ കോമഡിക്ക് കേരളത്തിന് പുറമെ വിദേശ വിപണികളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 24 കോടിയിലധികം രൂപ ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം തിങ്കളാഴ്ച 4.25 കോടി രൂപ നേടിയത് ചിത്രത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. പ്രവൃത്തി ദിവസങ്ങളിലും തീയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് സിനിമ ഒരു വലിയ വിജയത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്.
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിൽ കണശക്കാരനായി എത്തി പിന്നീട് തട്ടത്തിൽ മറയത്തിലൂടെ മലയാളിയുടെ മനസിൽ കയറിക്കൂടിയ പ്രണയ നായകനാണ് നിവിൻ പോളി.പ്രേമം പോലുള്ള ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളത്തിലെ പുതിയ സൂപ്പർതാരനായകനായി ഉയരുന്നതിനിടയിലാണ് കാലിടറിയത്. റിലീസ് ചെയ്ത പല സിനിമകളും പരാജയപ്പെട്ടു.പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച പിഴവുകളാണ് ഈ നടൻ്റെ കരിയറില്‍ ഇടക്കാലത്ത് കരിനിഴല്‍ വീഴ്ത്തിയത്.
എന്നാൽ,’സർവ്വംമായ’ പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന നിവിൻ പോളിയെ തിരിച്ചുകിട്ടിയതോടെയാണ് സിനിമ വൻ വിജയത്തിലേക്ക് കുതിക്കുന്നത്. മിക്ക നായകന്‍മാര്‍ക്കും കാലിടറിയ 2025ല്‍ വലിയ കളക്ഷന്‍ ഹൈപ്പ് സൃഷ്ടിച്ച് മുന്നേറിയ ‘സര്‍വ്വം മായ’പുതുവർഷത്തിലും വിജയക്കുതിപ്പ് തുടരുകയാണ്.






