‘എല്ലാ നിഷ്പക്ഷ നാട്യങ്ങളും ഊരി വലിച്ചെറിഞ്ഞ് യുഡിഎഫ് മുഖപത്രമായി മനോരമ തരംതാഴുന്നതിൽ പരാതിയിയൊട്ടുമേയില്ല ‘:എം.ബി രാജേഷ്

‘വിലകുറഞ്ഞ മാധ്യമപ്രവർത്തനം നടത്താൻ മനോരമയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല’
തിരുവനന്തപുരം:മലയാള മനോരമ പത്രത്തിനെ നിശിതമായി വിമർശിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്.മറ്റെല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത് 63 ദിവസം കഴിഞ്ഞ് മനോരമ പുതിയ കണ്ടുപിടുത്തമായി ഒന്നാം പേജിൽ അവതരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം.’അതന്നെ മനോരമേ….അപ്പോൾ അന്നു പറഞ്ഞതോ?’എന്ന തലക്കെട്ടിലാണ് മന്ത്രിയുടെ കുറിപ്പ്.

മന്ത്രിഎം.ബി രാജേഷിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
മലയാള മനോരമയുടെ വായനക്കാരോടാണ്…
ഇന്ന് നിങ്ങൾ ഒന്നാം പേജിൽ വായിച്ച ലീഡ് വാർത്ത, 63 ദിവസം പഴക്കമുള്ളതാണ്. നവംബർ 3 ആം തീയതി ദ ഹിന്ദുവും മാതൃഭൂമിയും ഉൾപ്പെടെ എല്ലാ പ്രധാനപ്പെട്ട മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ് അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന്. നവംബർ 1 നു കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയിൽ വെച്ച് മുഖ്യമന്ത്രി പ്രകാശനം ചെയ്ത അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ രണ്ടാം ഘട്ടം (ഇപിഇപി 2.0) രേഖയെക്കുറിച്ചാണ്, മറ്റെല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത് 63 ദിവസം കഴിഞ്ഞ് ഇന്ന് മനോരമ പുതിയ കണ്ടുപിടുത്തമായി ഒന്നാം പേജിൽ അവതരിപ്പിക്കുന്നത്. സർക്കാർ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നു എന്നത് ആവർത്തിച്ച് വായനക്കാരിലേക്ക് എത്തിക്കുക എന്ന നല്ല ഉദ്ദേശ്യമാണ് മനോരമക്കെന്ന് തെറ്റിദ്ധരിക്കരുത്. മനോരമയുടെ കളി വേറെയാണ്. അതിദാരിദ്ര്യ നിർമാർജ്ജനം പാളിപ്പോയതുകൊണ്ട് സർക്കാർ രണ്ടാം ഘട്ടവുമായി വരുന്നു എന്ന രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇന്ന് ഈ വാർത്ത വീണ്ടും കൊടുത്തതിനു പിന്നിലുള്ളത്. അതായത്, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി വിജയിക്കാത്തതുകൊണ്ട് ഇന്നലെ സർക്കാരിന് പുതിയ പദ്ധതി ആവിഷ്ക്കരിക്കേണ്ടി വന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കാൻ.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന് മുന്നോടിയായി ഒക്ടോബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ഇതിൻ്റെ രണ്ടാംഘട്ടം പദ്ധതി നവംബർ1നു തന്നെ പ്രഖ്യാപിക്കുമെന്ന് ഞാൻ പറയുകയും മനോരമ ലേഖകനുൾപ്പെടെ അതേക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതുമാണ്. മുഖ്യമന്ത്രി നവംബർ ഒന്നിന്റെ ചടങ്ങിൽ വെച്ച് പദ്ധതി രേഖ പ്രകാശനം ചെയ്യുകയുമുണ്ടായി. അതാണല്ലോ മറ്റു മാധ്യമങ്ങൾ വാർത്ത കൊടുത്തത്. മനോരമയുടെ ഉദ്ദേശം, ഏതോ ചില വിദഗ്ധർ ഉന്നയിച്ച വിമർശനങ്ങൾ കണക്കിലെടുത്ത് സർക്കാരിന് കഴിഞ്ഞ രണ്ട് മാസം കൊണ്ട് രണ്ടാം ഘട്ടം ആവിഷ്കരിക്കേണ്ടി വന്നു എന്ന് വരുത്തിത്തീർക്കലാണ്. എന്തൊരു ദുഷ്ടലാക്കാണ് ഇതെന്ന് നോക്കണം. അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നിശ്ചയിച്ചത് മുതൽ അതിദരിദ്രരെ കണ്ടെത്താൻ മനോരമ നെട്ടോട്ടത്തിലായിരുന്നു. രണ്ടാം ഘട്ടമൊക്കെ അന്നവർ മുക്കി. ഇപ്പോൾ രാഷ്ട്രീയലക്ഷ്യത്തോടെ പഴയ വാർത്ത പൊടിതട്ടിയെടുത്ത് ഒന്നാം പേജിൽ ലീഡ് ആയി അവതരിപ്പിക്കുന്ന വിലകുറഞ്ഞ മാധ്യമപ്രവർത്തനം നടത്താൻ മനോരമയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല.

രണ്ട് മാസം മുൻപ് ദ ഹിന്ദു ദിനപത്രത്തിൽ വന്ന മനോരമയുടെ ഒന്നാം പേജ് വാർത്ത
2022 ലാണ് 64006 അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയത്.അവരെ 3 വർഷം നീണ്ട പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയായിരുന്നു. 2022 നു ശേഷം പുതുതായി അതിദരിദ്രരായി മാറിയവരുണ്ടാവാം. അവരെ അതിൽ നിന്ന് മോചിപ്പിക്കാനുള്ളതാണ് രണ്ടാം ഘട്ട പദ്ധതി. ഒപ്പം ഇപ്പോൾ മോചിപ്പിക്കപ്പെട്ട ഒരാളും വീണ്ടും പഴയ അവസ്ഥയിൽ എത്തില്ല എന്ന് ഉറപ്പാക്കാനും. ഇത് പലവട്ടം വകുപ്പ് മന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ബഹു. മുഖ്യമന്ത്രി കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് കിലയിൽ നടത്തിയ പരിപാടിയിലും ഈ രണ്ടാം ഘട്ടം മുന്നോട്ടുപോകേണ്ടത് സംബന്ധിച്ച് ഞാൻ വിശദമായി സംസാരിച്ചതാണ്. നാട്ടിൽ എല്ലാവർക്കും അറിയുന്ന കാര്യം, രണ്ട് മാസം മുൻപ് മാധ്യമങ്ങൾ എല്ലാം പ്രാധാന്യത്തോടെ കൊടുത്തത് ഇപ്പോൾ ഒരു രാഷ്ട്രീയ ലക്ഷ്യം സ്ഥാപിച്ചെടുക്കാൻ മനോരമ ദുരുപയോഗിക്കുകയാണ്.
കമ്യൂണിസ്റ്റ് വിരുദ്ധ പത്രമെന്ന വിശേഷണം മനോരമ അഭിമാനമായി പണ്ടേ സ്വീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ യുഡിഎഫ് മുഖപത്രം എന്ന വിശേഷണം സ്വയം ഏറ്റെടുക്കാൻ മനോരമ സമ്മതിച്ചോ?തെരഞ്ഞെടുപ്പ് അടുത്തതോട് കൂടി എല്ലാ നിഷ്പക്ഷ നാട്യങ്ങളും ഊരി വലിച്ചെറിഞ്ഞ് യുഡിഎഫ് മുഖപത്രമായി മനോരമ തരംതാഴുന്നതിൽ പരാതിയിയൊട്ടുമേയില്ല എന്നറിയിക്കട്ടെ. മറിച്ച് സന്തോഷം ഏറെയുണ്ട് താനും. കാരണം മനോരമ യു ഡി എഫി നായി ഇത്രയും താഴ്‌ന്ന രാഷ്ട്രീയം കളിക്കുമ്പോൾ തുറന്നു കാണിക്കാൻ എളുപ്പമാണ്. എങ്കിലും 63 ദിവസം പഴക്കമുള്ള വാർത്ത ഒന്നാം പേജ് ലീഡാക്കാനുള്ള മനോരമയുടെ ധൈര്യമുണ്ടല്ലോ. അതു ചെയ്ത ധീരന് അടുത്ത തവണ ഗോൾഡ് മെഡലൊന്നും പോര, സ്വർണ്ണപ്പാളി തന്നെ കൊടുക്കണം.
രണ്ട് മാസം മുൻപ് ദ ഹിന്ദു ദിനപത്രത്തിൽ വന്ന ഇന്നത്തെ മനോരമയുടെ ഒന്നാം പേജ് വാർത്ത കമന്റിൽ നൽകുന്നു.






