‘എന്‍റെ സുഹൃത്തുക്കളെ’എന്ന് മലയാളത്തിൽ മോദി,തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപനം

കേരളം ബിജെപിയെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം:’എന്‍റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ കേരളത്തിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് അവകാശപ്പെട്ടു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കവേ മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സമീപം
തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റും. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ.
മുമ്പ് സമ്പന്നര്‍ക്ക് മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ്, പിഎം സ്വനിധി പദ്ധതി വഴി തെരുവു കച്ചവടക്കാര്‍ക്ക് കൂടി ലഭ്യമായിരിക്കുകയാണ്. കേരളത്തില്‍ 10000 പേര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. പുതിയ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസ് കൂടി തുടങ്ങുന്നതോടെ, കേരളത്തിലെ റെയില്‍ഗതാഗതം കൂടുതല്‍ ദൃഢമാകുകയാണ്. തൃശൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തുമ്പോള്‍ തീര്‍ത്ഥാടന രംഗത്തും വലിയ മെച്ചമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൻ്റെ കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.
മൂന്ന് അമൃത് ഭാരത് ട്രൈനുകളുടെ ഫ്‌ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍,ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ എന്നിവയാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരത്തെ സി എസ്ഐ ആർ-എൻ ഐ ഐ എസ് ടി ഇന്നൊവേഷന്‍, ടെക്നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബിന്‍റെ ശിലാസ്ഥാപനവും മോദി നടത്തി
തലസ്ഥാനത്ത് എത്തിയ മോദിയെ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായി പ്രധാനമന്ത്രി എത്തി. റോഡിനിരുവശവും നിന്ന പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയ്യപ്പവിഗ്രഹം നൽകി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സ്വീകരിക്കുന്നു
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും അയ്യപ്പ വിഗ്രഹം നൽകിയാണ് മോദിയെ സ്വീകരിച്ചത്.
1987ന് മുൻപ് ഗുജറാത്തിൽ ബിജെപി തോൽവികൾ ഏറ്റുവാങ്ങുന്ന പാർട്ടിയായിരുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി,ആദ്യമായി 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ നിന്നാണ് ബിജെപി ജയിച്ചു തുടങ്ങിയതെന്ന് ഓർമിപ്പിച്ചു. ജനങ്ങൾ ആ ഭരണത്തെ വിലയിരുത്തി. പിന്നീട് തുടർച്ചയായി സേവിക്കാൻ അവസരം നൽകി. അതേപോലെ കേരളത്തിലും ഒരു പട്ടണത്തിൽ നിന്നും തുടങ്ങുകയാണ്. കേരളം ബിജെപിയെ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.






