‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’നേതാക്കളെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ

യുവാക്കൾക്കായി മുതിർന്ന നേതാക്കൾ ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യം
തിരുവനന്തപുരം:’പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !’എന്ന മറുപടി പറയുന്ന സിപിഎം നേതാക്കളുൾപ്പെടെയുള്ളവരെ വിമർശിച്ച് ഡോ.ബി. ഇക്ബാൽ.സഹകരണ മെഡിക്കൽ കോളേജിന്‍റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിൻ്റെ ചെയർമാനായ അദ്ദേഹം ന്യൂറോസർജനാണ്.ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പലായിരുന്നു.
കേരള സർവകലാശാല വൈസ് ചാൻസലർ ,സംസ്ഥാന ആസൂത്രണ ബോർഡ് മെംബർ,മെഡിക്കൽ സർവകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ,മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ,നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിഗിംൻ്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന അധ്യക്ഷനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി 2011 ൽ മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് കേവലം 2554 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഡോ.ബി ,ഇക്ബാൽ
ഡോ.ബി ഇക്ബാലിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കും !
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ മുന്നണികളിലും പാർട്ടികളിലും സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്താണ് പതിവുപോലെ അസ്വസ്ഥതയുണ്ടാക്കുന്ന ആ ‘ക്ലീഷേ’ മറുപടി പ്രത്യേകിച്ച് മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ നാവിൽ നിന്ന് വീണ്ടും ഉതിരുന്നത്. “മത്സരിക്കുന്നുണ്ടോ?” എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മിക്കവാറും എല്ലാ മുതിർന്ന നേതാക്കളും നൽകുന്ന ഒരേയൊരു സ്ഥിരം മറുപടി: “പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും!” എന്നാണ്.
ഈ ഒരൊറ്റ വാചകത്തിലൂടെ, താനൊരു സംഭവമാണെന്നും താനില്ലെങ്കിൽ പാർട്ടിയും ഈ നാടും അങ്ങ് അസ്തമിച്ചു പോകുമെന്നും, അത്രമേൽ അനിവാര്യനായ ഒരു ‘രക്ഷകനാണ്’ താനെന്നും സ്വയം കരുതുന്ന രാഷ്ട്രീയ നാട്യത്തെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവരെ തെറ്റ് പറയാനാകില്ല.
“ഞാൻ ഒരുപാട് തവണ മത്സരിച്ചു, പലപ്പോഴും ജയിച്ചു, ചിലപ്പോഴൊക്കെ അധികാരത്തിലിരുന്നു; ഇതുവരെ അവസരം കിട്ടാതെ പുറത്തുനിൽക്കുന്ന നിരവധി അർഹരായ പ്രവർത്തകർ പ്രത്യേകിച്ച് യുവാക്കൾ എൻ്റെ പാർട്ടിയിലുണ്ട്. . അവർ മത്സരിക്കട്ടെ, അവരുടെ വിജയത്തിനായി പ്രവർത്തിക്കാനാണെനിക്ക് താത്പര്യം” എന്ന് ഒരു നേതാവെങ്കിലും വിനയത്തോടെ പറയുന്നത് കേൾക്കാൻ ഈ ജന്മം എനിക്ക് ഭാഗ്യമുണ്ടാകുമോ?
ഹൃദയത്തിനും ശ്വാസകോശത്തിനും ചില പ്രശ്നങ്ങളുള്ളതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പ് വരെ ജീവിച്ചിരിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. അതുകൊണ്ട്, കണ്ണടക്കും മുൻപ് അത്തരമൊരു മാതൃകാപരമായ വാചകം ഏതെങ്കിലും ഒരു നേതാവിൽ നിന്നെങ്കിലും കേൾപ്പിക്കാൻ വിവിധ പാർട്ടികളിലെ സമുന്നതരായ നേതാക്കൾ സഹായിക്കണം. ഒരു വോട്ടറുടെ വിനീതമായ അപേക്ഷയാണ്!’






