ചെങ്ങന്നൂർ-പമ്പ റെയിൽവേ പാതയും സ്വാഹ…അവഗണനയുടെ കേന്ദ്രപാതയിൽ കേരളത്തിന് അടുത്ത ഇരുട്ടടി

ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം പാർലമെൻ്റിൽ
തിരുവനന്തപുരം:നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം പാർലമെൻ്റിൽ വ്യക്തമാക്കി.ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനുള്ള ഉത്തരത്തിലാണിത്.
പുതിയ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് മെട്രോമാൻ ഇ. ശ്രീധരൻ പരസ്യമായി അവകാശവാദം ഉന്നയിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പദ്ധതി പൂർണ്ണമായും ഒഴിവാക്കി എന്ന ഔദ്യോഗിക മറുപടി പാർലമെൻ്റിൽ വന്നത്.

ജോൺ ബ്രിട്ടാസ് എം.പി
പുതുക്കിയ പദ്ധതി ചെലവിന്‍റെ 50 ശതമാനം വഹിക്കാമെന്ന് കേരളം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനായി കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ നിന്നൊഴിവാക്കണം എന്ന ആവിശ്യം മാത്രമാണ് കേരളം മുന്നോട്ടുവെച്ചത്. ഈ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ, സ്വന്തം ഫണ്ട് ഉപയോഗിച്ച് കേരളം ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പദ്ധതിയിലുള്ള സംസ്ഥാനത്തിന്‍റെ ആത്മാർത്ഥത വ്യക്തമാക്കുന്നതാണ്.ഇക്കാര്യം പാർലമെൻ്റിലെ മറുപടിയിൽ രേഖപ്പെടുത്തിയിട്ടില്ല.
ബജറ്റ് വിഹിതത്തെക്കുറിച്ചും കേരളത്തിലെ ഇരട്ടിപ്പിക്കൽ ജോലികളെക്കുറിച്ചും നിരത്തുന്ന കണക്കുകൾ ഒന്നും ശബരിമലയിലേക്കുള്ള പ്രത്യേക റെയിൽ പാത എന്ന പദ്ധതി നിരാകരിച്ചതിനുള്ള മറുപടിയല്ലെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി . രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴികളിൽ നിന്ന് കേരളം ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്ന വിശദീകരണവും ഇതിലില്ല.
വിവരങ്ങൾ തെരഞ്ഞുപിടിച്ച് മാത്രം നൽകുന്ന റെയിൽവേ മന്ത്രാലയത്തിന്‍റെ രീതിയും ആശങ്കാജനകമാണ്. ആകെ തുകകൾ വ്യക്തമാക്കുമ്പോഴും കഴിഞ്ഞ പത്തുവർഷത്തെ പദ്ധതി തിരിച്ചുള്ള കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ മന്ത്രാലയം തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതോടെ, പദ്ധതി വിഹിതം, അവയുടെ വിനിയോഗം എന്നിവ സ്വതന്ത്രമായി വിലയിരുത്താൻ സാധിക്കുന്ന വിശ്വസനീയമായ രേഖകളൊന്നും ഇപ്പോൾ ലഭ്യമല്ലെന്നും ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി.






