പരീക്ഷാ സമ്മർദമോ? സൗജന്യമായി വിളിക്കാം 1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ

കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ‘വി ഹെൽപ്’ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം
തിരുവനന്തപുരം:എസ് എസ് എൽ സി/ഹയർസെക്കൻ്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർസെക്കണ്ടറി വിഭാഗം), ‘വി ഹെൽപ്’എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ഫെബ്രുവരി 16 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മന്ത്രി വി. ശിവൻകുട്ടി
വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്.
എല്ലാ ഹയർസെക്കൻ്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർസെക്കൻ്ററി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.






