‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’

‘മന്ത്രിയുടെ വാദം തള്ളി ബോർഡ് തിരിച്ചടയ്ക്കാൻ രണ്ട് കോടി’ എന്ന നിലയിൽ നൽകിയിരിക്കുന്ന വാർത്ത സത്യ വിരുദ്ധം
തിരുവനന്തപുരം:അയപ്പസംഗമ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘മലയാള മനോരമ’.മുഖ്യവാർത്തയായി ഫെബ്രുവരി 14ന് കൊടുത്തത് അപ്പടി തെറ്റെന്ന് ഇതു സംബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വാർത്താ കുറിപ്പ് പുറത്തുവന്നതോടെ വ്യക്തമായി.അതിൽനിന്ന് തലയൂരാനാണ് പിറ്റേന്ന് ശ്രമിച്ചത്.’മന്ത്രിയുടെ വാദം തള്ളി ബോർഡ്’ എന്ന ‘മനോരമ’യുടെ ഞായറാഴ്ചത്തെ ഒന്നാം പേജിലെ അഞ്ചുകോളം വാർത്ത അതിരാവിലെ തന്നെ തെറ്റെന്ന് തെളിഞ്ഞു കഴിഞ്ഞു.ഒരു കള്ളത്തിൽനിന്ന് പെരുങ്കള്ളത്തിലേക്കുപോകുന്ന മനോരമയുടെ ‘പെരുമ’ സാമൂഹികമാധ്യമങ്ങളിൽ വലിയ ട്രോളായി മാറിക്കഴിഞ്ഞു.
മനോരമ വാർത്തയെ സംബന്ധിച്ച് അധികൃതരുടെ വിശദീകരണം ചുവടെ:
അയപ്പസംഗമത്തിൻ്റെ വരവ് ചിലവ് കണക്ക് സംബന്ധിച്ച് ‘മന്ത്രിയുടെ വാദം തള്ളി ബോർഡ്’തിരിച്ചടയ്ക്കാൻ രണ്ട് കോടി എന്ന നിലയിൽ നൽകിയിരിക്കുന്ന വാർത്ത സത്യ വിരുദ്ധമാണ്. ദേവസ്വം ബോർഡ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ അതിലൂടെ അഡ്വാൻസായി നൽകിയ കോർപ്പസ് ഫണ്ട് തിരിച്ചെത്തിയിട്ടുണ്ടന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് മറച്ചുവെച്ചാണ് അസത്യപ്രചരണം നടത്തുന്നത്.
എന്തുകൊണ്ട് പണം അഡ്വാൻസ് നൽകി?
സ്പോൺസർഷിപ്പ് തുക ലഭിക്കുന്നതിൽ വൈകിവരുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ, 2025-2026 ബഡ്ജറ്റിലെ Expenditure Head 2G – Supplies & Contingencies എന്ന ശീർഷകത്തിലെ ഉപശീർഷകമായ 21 – Religious Convention & Discourse എന്ന തലക്കെട്ടിൽ വകയിരുത്തിയിരുന്ന 5 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിനായി ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച പ്രത്യേക സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
ആ അക്കൗണ്ടിൽ നിന്ന് 3 കോടി രൂപ IIIC-ക്ക് അഡ്വാൻസായി നൽകി. കൂടാതെ താമസസൗകര്യങ്ങൾക്കായി വിവിധ ഹോട്ടലുകൾക്ക് 12,76,440 രൂപയും, ജി.എസ്.ടി ഇനത്തിൽ 15,25,424 രൂപയും നൽകി.
ഫണ്ടിൽ നിന്ന് ചിലവാക്കുന്ന തുക ആ അക്കൗണ്ടിൽ തന്നെ തിരികെ നിക്ഷേപിക്കും എന്നാണ് സംഗമം നടത്തുന്നത്തിന് മുൻപ് ബോർഡ് വ്യക്തമാക്കിയത് . അതനുസരിച്ച് സ്പോൺസർഷിപ്പ് തുകയായി ലഭിച്ച മൂന്ന് കോടി രൂപ 17-10-2025-ന് ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിക്ഷേപിച്ചു. അതിലൂടെ അഡ്വാൻസായി നൽകിയ കോർപ്പസ് ഫണ്ട് തിരിച്ചെത്തിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് പണം ചെലവാക്കിയത് തിരികെ അടച്ചില്ല എന്നു പറയുന്നതും മന്ത്രിയുടെ വാദം ബോർഡ് തള്ളി എന്നനിലയിൽ പ്രചരിപ്പിക്കുന്നത്.
ദേവസ്വം ബോർഡിൻ്റെ സർപളസ് ഫണ്ടിൽ നിന്ന് മാറ്റിയ തുകയിൽ 1,74,40,912 രൂപ ഇപ്പോഴും ബോർഡിൻ്റെ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ പലിശ ഉൾപ്പെടെ അവശേഷിക്കുന്നുണ്ട്. ഇത് ചെലവാക്കിയിട്ടില്ല .
എന്താണ് സർപ്ലസ് ഫണ്ട്?
തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിൻ്റെ വാർഷിക ബജറ്റിൽ ശമ്പളം, പെൻഷൻ, മരാമത്ത് നിർമാണ പ്രവൃത്തികൾ തുടങ്ങിയവയ്ക്കൊപ്പം തന്നെ മതസമ്മേളനങ്ങളും പ്രഭാഷണങ്ങളും നടത്തുന്നതിനായി തുക വകയിരുത്താറുണ്ട്.
റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സസ് എന്ന ശീർഷകത്തിലാണ് ഇത്തരത്തിൽ തുക വകയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു ഈ തുകയാണ് അസ്വാൻസ് ആയി നൽകിയത്.
ബോർഡിൻ്റെ ഈ ഫണ്ടിൽ നിന്നും തുക മതപരമായ സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചെലവ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും ഇത്തരത്തിൽ ചെലവ് ചെയ്യപ്പെടുന്ന തുക സ്പോൺസർഷിപ്പിലൂടെ നികത്തുന്ന നടപടികളാണ് ദേവസ്വം ബോർഡ് സ്വീകരിക്കുക അതെ മാതൃകയാണ് അയ്യപ്പ സംഗമത്തിലും സ്വീകരിച്ചത്.
നാളിതുവരെ 3 കോടി രൂപമാത്രമാണ് സംഗമത്തിനായി ചെലവാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന കണക്കുകൾ ബോർഡ് പരിശോധിക്കുകയോ തുക നൽകുകയൊ ചെയ്ക്കിട്ടില്ല. ദേവസ്വം ഫണ്ടിൽ നിന്ന് ചിലവാക്കിയ തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.






