തമിഴ്, കന്നഡ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ജികോംപ്രിസിന് കൈമാറി ‘കൈറ്റ്’

ആഗോള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഭൂപടത്തിൽ കേരളത്തിൻ്റെ കയ്യൊപ്പ്
തിരുവനന്തപുരം:ലോകപ്രശസ്ത വിദ്യാഭ്യാസ-വിനോദ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ‘ജികോംപ്രിസ്’ലേക്ക് തമിഴ്, കന്നഡ ഭാഷകളിലെ വിപുലമായ ഉള്ളടക്കങ്ങൾ കൂടി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). കേരളത്തിലെ തമിഴ്, കന്നഡ മീഡിയം വിദ്യാർത്ഥികൾക്കായി കൈറ്റ് വികസിപ്പിച്ചെടുത്ത തർജിമകളും വോയ്‌സ് ഓവറുകളുമാണ് ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാകുന്ന ജികോംപ്രിസിൻ്റെ പുതിയ പതിപ്പിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് തയ്യാറാക്കിയ ‘കളിപ്പെട്ടി’ ഐ.സി.ടി പാഠപുസ്തകത്തിലെ പ്രധാന എഡ്യൂടൈൻമെന്റ് സോഫ്റ്റ്‌വെയറാണ് ജികോംപ്രിസ്. ഇന്ത്യൻ ഭാഷകളിൽ സംസ്‌കൃതത്തിനും മലയാളത്തിനുമപ്പുറം മറ്റ് പ്രാദേശിക ഭാഷകളിൽ ജികോംപ്രിസ് റെപ്പോസിറ്ററി ഇത്ര വിപുലമായി ലഭ്യമായിരുന്നില്ല. തമിഴ്, കന്നഡ മാധ്യമങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി കൈറ്റ് സ്വന്തമായി വികസിപ്പിച്ച ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെയാണ് ഈ കുറവ് ഇതുവരെ പരിഹരിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ കൈറ്റ് സന്ദർശിച്ച ജികോംപ്രിസ് കോ-മെയിന്റനറും പ്രശസ്ത ഗ്രാഫിക്സ് ആർട്ടിസ്റ്റുമായ ടിമോത്തെ ജിയറ്റിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ഈ ലോക്കലൈസേഷൻ പാക്കേജുകൾ ആഗോള പ്ലാറ്റ്‌ഫോമിലേക്ക് കൈമാറാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തമിഴിൽ 1544-ഉം കന്നഡയിൽ 1582-ഉം ഇന്റർഫേസ് തർജിമകളും വോയ്‌സ് ഓവറുകളും കൈറ്റ് വിദഗ്ധർ തയ്യാറാക്കി. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്പർ കൂട്ടായ്മയായ ‘കെ.ഡി.ഇ’ ഇതിന് അംഗീകാരം നൽകിയതോടെ ഗൂഗിൾ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ ഭാഷാ പതിപ്പുകൾ ലഭ്യമായിത്തുടങ്ങി.
പത്തുവയസ്സുവരെയുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, വായന, ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ കളികളിലൂടെ പഠിക്കാൻ സഹായിക്കുന്ന ഇരുനൂറോളം പ്രവർത്തനങ്ങൾ ജികോംപ്രിസിലുണ്ട്. ലോകത്ത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരേസമയം ഇത്രയധികം സ്വതന്ത്ര സോഫ്‌റ്റ്വെയറുകൾ ഉപയോഗിക്കുന്നത് കേരളത്തിലാണെന്നും, പ്രാദേശിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച ഉള്ളടക്കം ആഗോള സമൂഹത്തിനായി കൈമാറാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന ജികോംപ്രിസിൻ്റെ പുതിയ ‘ക്ലയൻ്റ്-സെർവർ’ മാതൃക ഭിന്നശേഷി കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങളും കൈറ്റ് നിലവിൽ നടത്തിവരുന്നുണ്ട്.






