‘ഗസ’ ട്രംപ് സ്വപ്നം കണ്ട ആഡംബര വിനോദ സഞ്ചാര കേന്ദ്രം, വിശാല ജൂത രാഷ്ട്രത്തിലേക്കുള്ള ചുവടുവയ്ക്കാൻ ഇസ്രയേൽ:’ഇരുകൂട്ടർക്കും യുദ്ധം വേണം’

‘അങ്ങാടിയിൽ ഓട്ട കാലണ പോലും വിലയില്ലാതെ ട്രംപ് നിൽക്കുന്ന കാലമാണെ’ന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ബി.ശ്രീജൻ
തിരുവനന്തപുരം:ഇറാഖിലെ രസായുധ ശേഖരം പോലെ ലോക രാഷ്ട്രങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി അമേരിക്കയും ഇസ്രായേലും മെനഞ്ഞ കഥ തന്നെയാവും ഇറാൻ്റെ ആണവ പദ്ധതിയിലെ മുന്നേറ്റമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ബി.ശ്രീജൻ.
നിലവിൽ മറ്റ് കേസൊന്നും ഇല്ലാത്ത ഒരു പരമാധികാര റിപ്പബ്ലിക്കിനെ ആക്രമിക്കാൻ ഒരു കാരണം വേണം. ചർച്ചകൾ നല്ലനിലയ്ക്ക് പുരോഗമിച്ചാൽ ആ കാരണം തന്നെ ഇല്ലാതാവുമെന്ന ഭയം കാരണമാണ് സമാന്തരമായി ഒരുക്കിയ പദ്ധതി പോലെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങിയതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തലസ്ഥാനത്തെ ഇംഗ്ലിഷ് മാധ്യമ രംഗത്തെ മുതിർന്ന ആളായ ശ്രീജൻ നിലവിൽ ഏഷ്യാനെറ്റ് ന്യൂസിലാണ് പ്രവർത്തിക്കുന്നത്.

ബി.ശ്രീജൻ
ബി.ശ്രീജൻ്റെ ഫെയ്സ് ബുക് കുറിപ്പ്:
‘സമ്പുഷ്ട യുറേനിയം ശേഖരിച്ച് സൂക്ഷിക്കില്ലെന്ന് ഇറാൻ അമേരിക്കയ്ക്ക് ഉറപ്പ് നൽകിയതിന്റെ പിറ്റേന്നാണ് സി ഐ എയുടെ ഇന്റലിജൻസ് വിവരങ്ങൾ പിന്തുടർന്ന് ഇസ്രായേൽ സൈന്യം ഇറാന്റെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള നേതൃനിരയെ ഉന്മൂലനം ചെയ്യുന്നത്. സമാധാന കരാർ അരികെയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും മാസങ്ങൾക്കകം പൂർണമായും പരിഹരിക്കാനാകുമെന്നും ചർച്ചകൾക്ക് മധ്യസ്ഥനായ ഒമാൻ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറയുകയും ചെയ്തതാണ്. പിന്നെയെന്തിന് ആയിരുന്നു ഈ കടുംകൈ?
ഇറാഖിലെ രസായുധ ശേഖരം പോലെ ലോക രാഷ്ട്രങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി അമേരിക്കയും ഇസ്രായേലും മെനഞ്ഞ കഥ തന്നെയാവും ഇറാന്റെ ആണവ പദ്ധതിയിലെ മുന്നേറ്റം. പരീക്ഷണങ്ങൾ നടന്നിരുന്നതയല്ലാതെ ബോംബിന് അരികിൽ എവിടെയെങ്കിലും അവർ എത്തിയതായി വിശ്വസനീയമായ തെളിവൊന്നും ഇല്ല. അപ്പോൾ നിലവിൽ മറ്റ് കേസൊന്നും ഇല്ലാത്ത ഒരു പരമാധികാര റിപ്പബ്ലിക്കിനെ ആക്രമിക്കാൻ ഒരു കാരണം വേണം. ചർച്ചകൾ നല്ലനിലയ്ക്ക് പുരോഗമിച്ചാൽ ആ കാരണം തന്നെ ഇല്ലാതാവുമെന്ന ഭയം കാരണമാണ് സമാന്തരമായി ഒരുക്കിയ പദ്ധതി പോലെ ആക്രമിക്കാൻ അമേരിക്ക ഒരുങ്ങിയത്.
ഇസ്രയേലിനാകട്ടെ ഇറാനെ ഇല്ലാതാക്കുന്നത് വിശാല ജൂത രാഷ്ട്രത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ്. മേഖലയിൽ കരുത്തരായി ഇറാൻ ഇല്ലെങ്കിൽ പലസ്തീന് എത്ര കാലം കൂടെ പിടിച്ചുനിൽക്കാനാകും? ഗസ, ട്രംപ് സ്വപ്നം കണ്ട ആഡംബര വിനോദ സഞ്ചാര കേന്ദ്രമായി മാറാനും അധിക കാലം വേണ്ടിവരില്ല. ഈജിപ്റ്റിലെ നൈൽ നദീതീരം മുതൽ ഇറാഖിലെ യുഫ്രറ്റീസ് തീരം വരെ ഉൾക്കൊള്ളുന്ന ഇസ്രായേലിനെ പറ്റി ട്രംപിന്റെ സ്വന്തം അനുയായി ടക്കർ കാൽസൺ ഇസ്രയേലിലെ യു എസ് അംബാസഡർ മൈക്ക് ഹക്കാബിയുമായുള്ള പോഡ്കാസ്റ്റിൽ ആവർത്തിച്ച് ചോദിക്കുന്നുണ്ട്. അലി ഖമനേയിയെ വധിച്ച ആക്രമണത്തിന് എട്ടോ പത്തോ ദിവസം മുൻപാണ് വലത് പക്ഷക്കാരുടെ പ്രിയങ്കരനായ ടാക്കർ കാൽസന്റെ പോഡ്കാസ്റ്റ് പുറത്ത് വന്നത് കേവല യാദൃച്ഛികത ആയി കാണേണ്ടതില്ലെന്നാണ് തോന്നുന്നത്.

Screenshot
പലസ്തീനെ ഇല്ലാതാക്കി ആ ഭൂഭാഗം സ്വന്തമാക്കിയാൽ പിന്നെ ലെബനോൺ, ജോർദാൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ കൈവശമുള്ള പ്രദേശം പിടിച്ചെടുത്ത് നദീതട സംയോജന പദ്ധതി നടപ്പാക്കാനാവും ഇസ്രായേൽ ശ്രമം. നിലവിൽ ഈ രാജ്യങ്ങളൊന്നും ഇസ്രയേലിന്റെ ചെറുവിരൽ അനക്കത്തെ പോലും ചെറുക്കാൻ ശേഷിയില്ലാത്തവർ ആണ്. ലബനനും സിറിയയും ഇപ്പോൾ തന്നെ ഇസ്രായേലീനാൽ ആക്രമിക്കപ്പെടുന്ന രാജ്യങ്ങളാണ്. അത് കഴിഞ്ഞാൽ ആവും സൗദിയുടെ കൈവശമുള്ള ഭൂഭാഗം പിടിച്ചെടുക്കാൻ ശ്രമം. ഇറാൻ മുതൽ സിറിയ വരെയുള്ളവരെ തേടിവരുമ്പോൾ മിണ്ടാതിരിക്കുന്ന സൗദിയെ തേടി അവർ വരുമ്പോൾ മിണ്ടാൻ ആരും അവശേഷിക്കുകയുമില്ല. വിശാല ഇസ്രായേൽ അതോടെ യഥാർഥ്യമാകും.
റിയൽ എസ്റ്റേറ്റ് ട്രംപിന്റെ കോർ ബിസിനസ് ഏരിയ ആയതിനാൽ ഈ ഒരു ആശയം പുള്ളിയെ വല്ലാതെ ഹരം കൊള്ളിച്ചിട്ടുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്. ഇടനില നില്കുന്നതിനുള്ള കമ്മിഷൻ കണക്ക് തീർത്ത് മകന്‍റെയും മരുമകനും ബിസിനസുകളിലേക്ക് വരുന്നുമുണ്ടാവും. പിന്നെ നാട്ടിലെ അവസ്ഥയും ആകെ ശോകമാണല്ലോ. എപ്സ്റ്റീൻ ഫയൽ തുറന്നു വിട്ട വിവാദങ്ങൾ, കുടിയേറ്റം ഒഴിപ്പിക്കൽ എന്ന പ്രഹസനം ഏല്പിച്ച ക്ഷീണം, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ, താരിഫ് വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് കിട്ടിയ കൊട്ട്, സൈന്യത്തിന് വേണ്ടി എ ഐ ടൂളുകൾ ഫ്രീ ആയി വേണമെന്ന
സുഗ്രീവാജ്ഞക്ക് മറുപടിയായി പോയി പണി നോക്കാൻ പറഞ്ഞ ആന്ത്രോപിക് സ്ഥാപകൻ ഏല്പിച്ച നാണക്കേട് എന്നിങ്ങനെ അങ്ങാടിയിൽ ഓട്ട കാലണ പോലും വിലയില്ലാതെ നിൽക്കുന്ന കാലത്ത് ഭീകര നേതാവിനെ തീർത്ത ധർമ്മ സംസ്ഥാപകൻ എന്ന ഇമേജ് നൽകുന്ന ബലം ചില്ലറയൊന്നുമല്ല. സ്വാർഥനായ ഒരു ഏകാധിപതിക്ക് സ്വന്തം ഇമേജ് പോലെ പ്രധാനമായി മറ്റൊന്നും ഇല്ലതന്നെ.
യു എസ് കോൺഗ്രസ് അനുമതിയില്ലാതെ ട്രംപ് ഇറാനിൽ നടത്തിയ കടന്നുകയറ്റം നിയമവിരുദ്ധമാണെന്ന് കമല ഹാരീസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നുണ്ട്. ഇത് കേട്ടാൽ തോന്നും വെനസ്വേലയിൽ രായ്ക്ക് രാമാനം ചെന്ന് ഉറങ്ങിക്കിടക്കുന്ന പ്രസിഡന്റിനെ തട്ടിക്കൊണ്ട് പോയത് എല്ലാ അനുമതിയോടെയും ആണെന്ന്. കുറെ ആഴ്ച ആയല്ലോ. എന്നാ ചെയ്തു ഈ പറയണ കോൺഗ്രസ്? നമ്മുടെ നാട്ടിലെ ഗവർണറുടെ അവസ്ഥയിലേക്ക് കോൺഗ്രസിനെയൊക്കെ ട്രംപ് കൊണ്ട് ചെന്ന് എത്തിച്ചുവെന്ന് വേണം കരുതാൻ. പോത്തിന് എന്ത് ഏത്ത വാഴ ? ട്രമ്പിന് എന്ത് കോൺഗ്രസും ഭരണഘടനയും ?
ഇതൊക്കെയാണ് സത്യത്തിൽ നടക്കുന്നത്. അത് അല്ലാതെ ഇറാനിലെ നാട്ടുകാരെ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ അവതരിച്ച ഭഗവാൻ ശ്രീകൃഷ്ണൻ ആണ് ട്രംപ് എന്നൊക്കെ പറയുന്നത് ഉത്തരം താങ്ങുന്നത് താൻ ആണെന്ന് പല്ലി പറയും പോലെ തന്നെ നിരർത്ഥകമാണ്. അങ്ങനെ ആത്മാർത്ഥമായി നാട്ടുകാരെ സഹായിക്കണം ആയിരുന്നെങ്കിൽ ആ ഹിജാബ് സമര കാലത്ത് ഒക്കെ ഒത്തുവന്ന അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു. അന്നൊന്നും അളിയനെ അവിടെങ്ങും കണ്ടിരുന്നില്ലല്ലോ?’






