ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു

ബ്രഹ്മപുത്രയുടെ തീരത്തുയരുന്നത് നാല് നദീതീര ലൈറ്റ് ഹൗസുകൾ
ഗുവാഹത്തി: ഇന്ത്യയിൽ ആദ്യമായി, ഒരു ഉൾനാടൻ ജലപാതയിൽ ലൈറ്റ്ഹൗസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ബ്രഹ്മപുത്രയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകളുടെ ശിലാസ്ഥാപനം കേന്ദ്ര ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിച്ചു.
അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീൽ, കാംരൂപ് ജില്ലയിലെ പാണ്ഡു, നാഗോൺ ജില്ലയിലെ സിൽഘട്ട്, ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ഘട്ട് എന്നിവയാണ് നദീതീര ലൈറ്റ് ഹൗസുകൾക്കായി തറക്കല്ലിട്ട നാല് സ്ഥലങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉൾനാടൻ ചരക്ക്, യാത്രാ ഇടനാഴികളിൽ ഒന്നാണ് ബ്രഹ്മപുത്ര നദി, അഥവാ ദേശീയ ജലപാത-2.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിക്കുന്നു
നാലു ലൈറ്റ് ഹൗസുകളുടെയും സംയോജിത പദ്ധതി ചെലവ് ഏകദേശം 84 കോടി രൂപയാണ്. ഓരോ ലൈറ്റ് ഹൗസും 20 മീറ്റർ ഉയരത്തിലുള്ളതും, 14 നോട്ടിക്കൽ മൈൽ ഭൂമിശാത്ര പരിധിയും, 8-10 നോട്ടിക്കൽ മൈൽ പ്രകാശ പരിധിയുമുള്ളവയാണ്. ഇവ പൂർണ്ണമായും സൗരോർജ്ജത്താൽ പ്രവർത്തിക്കും. ലൈറ്റ് ഹൗസുകൾക്കൊപ്പം, മ്യൂസിയം, ആംഫി തിയേറ്റർ, കഫറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, സുവനീർ ഷോപ്പ്, ലാൻഡ്‌സ്‌കേപ്പ് ചെയ്ത പൊതു ഇടങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
ഉൾനാടൻ ജലഗതാഗത അതോറിട്ടിയുടെ കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ബ്രഹ്മപുത്ര ജലപാതയിലെ ഗതാഗത യാനങ്ങൾ, ചരക്ക് ഗതാഗതം എന്നിവയിൽ 53 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ദേശീയ ജലപാതയിലെ ചരക്ക് ഗതാഗതം പ്രതിവർഷം 8-10 ശതമാനം എന്ന നിലയിൽ സ്ഥിരമായി വളർന്നു, കൂടാതെ ബ്രഹ്മപുത്ര ജല ഇടനാഴി ഇപ്പോൾ അസമിലെ തേയില, കൽക്കരി, വളം വ്യവസായങ്ങൾക്ക് സേവനം നൽകുന്ന വിതരണ ശൃംഖലകളിൽ അവിഭാജ്യ ഘടകമാണ്. പുതിയ നദീതീര ലൈറ്റ് ഹൗസുകൾ സുരക്ഷിത യാത്ര പ്രാപ്തമാക്കുകയും, കാലാവസ്ഥാ നിരീക്ഷണ സെൻസറുകൾക്കു സഹായകമാവുകയും ചെയ്യും.
“ഉൾനാടൻ ജലപാതകൾ റോഡ്, റെയിൽ എന്നിവയ്ക്ക് ബദൽ മാത്രമല്ല, മറിച്ച് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി പകരുന്നതിനായി അവയെ ശക്തിപ്പെടുത്തുകയും പ്രാപ്തമാക്കുകയും ചെയ്യുന്നു. ജലമാർഗ്ഗം കൊണ്ടുപോകുന്ന ഒരു ടൺ ചരക്കിന് റോഡ് ഗതാഗതം ആവശ്യപ്പെടുന്നതിന്‍റെ ചെറിയ ശതമാനം മാത്രമാണ് ചെലവാകുക. ഇതിനു പുറമെ, കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്നു. യാത്രക്കാർക്കും അത്യാവശ്യ വസ്തുക്കളുടെ നീക്കത്തിനുമായി ഇതു ഹൈവേകളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ നദികൾ 24 മണിക്കൂറും വ്യാപാരത്തിനായി തുറന്നിരിക്കുന്നു എന്ന പ്രസ്താവന കൂടിയാണ് ബ്രഹ്മപുത്രയിൽ ഒരുങ്ങുന്ന ലൈറ്റ് ഹൗസുകൾ,” -മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
ഗുവാഹത്തിയിലെ ലചിത് ഘട്ടിൽ നടന്ന ശിലാസ്ഥാപന ചടങ്ങ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ്ഷിപ്പുകളും, ഉൾനാടൻ ജല ഗതാഗത അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് സംഘടിപ്പിച്ചത്.






