തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

‘മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തി’
കോഴിക്കോട്:ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകം മുഴുവൻ കൈയടിച്ച മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.പലരും പല രീതിയിൽ ശ്രമിച്ചിട്ടും തടഞ്ഞു നിർത്താനാകാതെ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിൻ്റെ പുതിയ ഘട്ടത്തിലേയ്ക്ക് കുതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുറിപ്പ്:
‘കേരളത്തിന്‍റെ ചിരകാല സ്വപ്നത്തിന് ഇനി ‘ബ്ലാസ്റ്റിംഗ്’ വേഗം! പലരും പല രീതിയിൽ ശ്രമിച്ചിട്ടും തടഞ്ഞു നിർത്താനാകാതെ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിൻ്റെ പുതിയ ഘട്ടത്തിലേയ്ക്ക് കുതിക്കുകയാണ്. വയനാട്ടുകാരുടെ യാത്ര ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മത്തിൽ കേരളമാകെ മുഴങ്ങിക്കേട്ടത്.
കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയാണ് 2,143 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിൽ ഒരുങ്ങുന്ന ഈ മഹാപദ്ധതി. മലബാറിന്‍റെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകമാകും.

ഈ വികസനക്കുതിപ്പിന് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ട്. ലോകം മുഴുവൻ കൈയടിച്ച മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ പത്തു വർഷം സർക്കാരും ഈ നാടും ഒറ്റക്കെട്ടായി ആ പ്രതിബന്ധങ്ങളെല്ലാം മറികടന്നു മുന്നോട്ടു പോവുകയാണുണ്ടായത്. ആ മുന്നേറ്റത്തിലെ ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ് ഈ തുരങ്കപാത. അതേറ്റവും മികച്ച രീതിയിൽ പൂർത്തികരിക്കാനായി നമുക്ക് തുടർന്നും കൈകോർത്തു പോകാം.’






