‘അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?’-ജി.സുധാകരനെതിരെ ‘ചാ(മ)ക്കാല’കവിതയുമായി എസ്.സുദീപ്

‘നിലപാടിൻ രാജാവെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം’
തിരുവനന്തപുരം:സിപിഎം മുൻ നേതാവും മന്ത്രിയുമായിരുന്ന ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം അദ്ദേഹത്തെ നിശിതമായി വിമർശിച്ചും കളിയാക്കിയും സിപിഎം സഹയാത്രികനും മുൻ ജഡ്ജിയുമായ എസ്.സുദീപിൻ്റെ ഫെയ്സ്ബുക് പോസ്റ്റ്.സിപിഎം എംഎൽഎ ആയിരുന്ന പരേതനായ കവി കടമ്മനിട്ട രാമകൃഷ്ണൻ്റെ ‘ചാക്കാല ‘ എന്ന കവിതയുടെ പാരഡിയായാണ് സുദീപിൻ്റെ ‘ചാ(മ)ക്കാല’കവിത.

എസ്.സുദീപ്
‘ഞാനും പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണ്.’ എന്നാരംഭിക്കുന്ന പരിഹാസ കുറിപ്പിൽ ഇങ്ങനെ പറയുന്നു:’എൺപതാം വയസിലും സാറിൻ്റെ ഏക ആഗ്രഹം ജനങ്ങളെ സേവിക്കണം എന്നതു മാത്രമാണ്. ലെനിനും സ്റ്റാലിനും മരണം വരെ ഭരണാധികാരികളായിരുന്നില്ലേ? എകെജി മരണം വരെ പ്രതിപക്ഷ നേതാവായില്ലേ? ഡെമോക്രസിയുടെ ഏറ്റവും താഴത്തെ തട്ടായ പാർലമെൻ്ററി ഡെമോക്രസിയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതിൽ, മത്സരിക്കുന്നതിൽ തെറ്റെന്താണ്?എൺപതാവാൻ ഇനിയും ഇരുപത്തിയേഴു വർഷങ്ങൾ ബാക്കിയുള്ള എൻ്റെ ആഗ്രഹവും ജനങ്ങളെ സേവിക്കുക എന്നതു തന്നെയാണ്.’
ആ കുറിപ്പിനൊപ്പം കൊടുത്തിരിക്കുന്ന കവിത ചുവടെ:
കവിതയുടെ പേര് ‘ചാ(മ)ക്കാല’.
ആലാപനം: സന്ദീപ് വാര്യരേട്ടൻ.
🎵 🎶 🎼
അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?
നമ്മളും പോയൊന്നറിയേണ്ടേ?
ചാമക്കാലേ കൊണ്ടോവാൻ വന്നവന്ന്
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ!
കൊടിയിടേണം എഫ്ബി പോസ്റ്റു വേണം
കാണിക്കാൻ പുഞ്ചിരിയിറ്റു വേണം
മുദ്രാവാക്യം ചൊല്ലിച്ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ
നിലപാടിൻ രാജാവെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
നോട്ടിന്നു ബന്ധുത്വമേറുമല്ലോ!
വോട്ടു ചെയ്യുമ്പോഴെന്തുമാട്ടെ!
പിസിസിയാപ്പീസിൻ വഴിയടച്ചു
മുണ്ടക്കൈ പിരിവൊക്കെയടിച്ചു മാറ്റി
ചെന്നിത്തലേടെ ചോടു മാന്തി
വേരറ്റുവീണപ്പോൾ ഘോഷമാക്കി
ഷാഫിയെ കയറൂരി വിട്ടു നീളെ
നാടിനെ ഡാർക്കാക്കി സീനാക്കി മാറ്റിയിട്ട്
എതിരുകളെത്രയോ കാട്ടിയെന്നോ!
കേസീടെ മോഹങ്ങൾ കണ്ടു കണ്ണിൽ
ഈറ കടിച്ചു കുശുമ്പു കുത്തി
പാർട്ടിയൊന്നാണെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു
ദൽഹിയിൽ നിന്നും വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പിസിസി അദ്ധ്യക്ഷൻ വന്നവാറെ
കൊണ്ടികൂടോത്രങ്ങളെന്നു വേണ്ട
കുരുതിപുഴുങ്ങിയുരുളിപൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
സുധാകരേട്ടൻ്റെ മൈക്കെടുത്തു
രേട്ടൻ്റെ വായിൽ തെറി നിറച്ചു
ഇംഗ്ലീഷിൽ ചോദ്യങ്ങൾ വന്നപാടെ
‘ലങ്ങോട്ടു ചോദീരെ’ന്ന പുച്ഛം!
എഫ്ബിയിലൊക്കെ തെറി വിളിച്ചു
കിഫ്ബിയെ പുച്ഛിച്ചു നാടു നീളെ
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുക്കണം പലിശ ചേർത്ത്!
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിന്നും നാം മോശമല്ല
വിവരദോഷി പൂയില്യമായിരുന്നു
മനദോഷം അണികൾക്കെന്നാപ്തവാക്യം
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തുപോകുന്നോർമ്മ ബാക്കിയെന്നും
എന്തൊക്കെയായാലും പാർട്ടിബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്
അണികളോടൊന്നു പറഞ്ഞേരെ
എഫ്ബി പോസ്റ്റിൻ്റെ കാര്യം മറക്കേണ്ട
വാട്സപ്പിൽ സ്റ്റാറ്റസും കൂടെയിട്ടോ
നഷ്ടം വരാനതിലൊന്നുമില്ല
വോട്ടിംഗിൻ തലേന്നു വരേയ്ക്കു നമ്മൾ
ചിതമായ് പെരുമാറാം ദോഷമില്ല
വോട്ടു ചെയ്യുമ്പോൾ മാറ്റിക്കുത്താം
എന്തൊക്കെയാലും തോൽക്കുമല്ലോ
കൂടെയുള്ളോരും പൊട്ടുമല്ലോ
അതുമാത്രമേക മന:സമാധാനം
പിന്നത്തെ താരകരാവുകളിൽ
എന്തൊക്കെക്കാണാനായ് ബാക്കിയുണ്ടാം
കാത്തിരിക്കാം നമുക്കതിന്നായ്…






