‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

‘സ്ത്രീകള്‍ക്ക് നൈപുണ്യവും തൊഴിലും റബര്‍ കര്‍ഷകര്‍ക്ക് സമഗ്ര തോട്ടം പരിപാലന സേവനവും ‘
തിരുവനന്തപുരം:റബര്‍ കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും പരിപാലന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ കുടുംബശ്രീ. ഇതിനായി കേരള റബര്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തില്‍ നടപ്പാക്കിയ റബര്‍ തോട്ടങ്ങളുടെ സമഗ്ര പരിപാലനത്തിനുളള പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീ റബര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍. വ്യാവസായികാടിസ്ഥാനത്തില്‍ റബര്‍ കൃഷി നടത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സി.ഡി.എസുകളിലാകും ആദ്യം പദ്ധതി വ്യാപിപ്പിക്കുക. നിലവില്‍ കോട്ടയത്ത് പതിനഞ്ച് വനിതകളാണ് ഈ രംഗത്തുള്ളത്. മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവര്‍ക്കും തൊഴില്‍ അവസരമൊരുക്കും.
കുടുംബശ്രീ സി.ഡി.എസുകളെ ‘ഈവന്‍റ് മാനേജ്മെന്‍റ്’ മാതൃകയില്‍ റബര്‍ തോട്ടങ്ങളുടെ വാണിജ്യ-പ്രൊഫഷണല്‍ മാനേജ്മെന്‍റിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി റബര്‍തോട്ട മേഖലയില്‍ സേവനദാതാക്കളായി മാറ്റും. ആവശ്യമായ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും റബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.

തദ്ദേശതലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുളള ചുമതല കുടുംബശ്രീ സി.ഡി.എസിനാണ്. ഓരോ പഞ്ചായത്തില്‍ നിന്നും തോട്ടം ഉടമകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അവരില്‍ നിന്നും റബര്‍ പരിപാലനത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു കൊണ്ട് നടീല്‍, പരിപാലനം, ടാപ്പിങ്ങ്, സംസ്ക്കരണം, വിപണനം എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏകോപിപ്പിക്കും. ഓരോ വര്‍ഷവും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു നിശ്ചത വിഹിതം ഉടമകള്‍ക്ക് നല്‍കും. കേരള റബര്‍ ലിമിറ്റഡിന്‍റെ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പദ്ധതി നടത്തിപ്പ്. സി.ഡി.എസുകള്‍ക്ക് സാമ്പത്തിക പിന്തുണയും നല്‍കും. റബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ടാപ്പിങ്ങ് ഉള്‍പ്പെടെ വിവിധ പരിശീലനങ്ങളും ആവശ്യമായ ടൂള്‍ കിറ്റും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. റബര്‍ ബോര്‍ഡ്, റബര്‍ ഉല്‍പാദക സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളെ ആവശ്യാനുസരണം വിന്യസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. സേവനം ആവശ്യമായ ചെറുകിട റബര്‍ കര്‍ഷകരെയും കണ്ടെത്തും.
25 വര്‍ഷത്തോളം സ്ഥിരവരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന കാര്‍ഷിക മേഖലയാണ് റബര്‍ കൃഷി എന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം ഹൈറേഞ്ച് പ്രദേശങ്ങളിലെ പ്രധാന കൃഷിയിനങ്ങളായ കാപ്പി. ഏലം എന്നിവയ്ക്ക് വളപ്രയോഗം നടത്തുന്നതിനുള്ള അവസരവും ഡ്രോണ്‍ പരിശീലനം നേടിയ കുടുംബശ്രീ കര്‍ഷകര്‍ക്ക് ലഭിച്ചേക്കും. നിലവില്‍ അമ്പതോളം വനിതകള്‍ക്ക് കുടുംബശ്രീ മുഖേന ഡ്രോണ്‍ പരിശീലനവും ലൈസന്‍സും നേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.






