ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് നവംബർ 1 മുതല്‍ വെർച്വല്‍ ക്യൂ,ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ്

പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളായും വൈകീട്ട് 2 സ്ലോട്ടുകളായും ആകെ 8 സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും
തൃശൂർ:ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനായി നവംബർ 1 മുതല്‍ എല്ലാ ദിവസങ്ങളിലും വെർച്വല്‍ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.നിലവില്‍ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് വെർച്വല്‍ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത് വരും മാസം മുതല്‍ എല്ലാ ദിവസങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.
വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിനായി ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അനാവശ്യ ബുക്കിങ് തടയാനായി 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അറിയിച്ചു. ഒരു ബുക്കിങ്ങില്‍ 1 മുതല്‍ 6 അംഗങ്ങള്‍ വരെയുള്ള ഭക്തർക്ക് ഒന്നിച്ച് ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ മാസവും 25-ാം തീയതി മുതല്‍ അടുത്ത മാസത്തേക്കുള്ള വെർച്വല്‍ ക്യൂ ബുക്കിങ് ആരംഭിക്കും.

പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളായും വൈകീട്ട് 2 സ്ലോട്ടുകളായും ആകെ 8 സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും. ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മാത്രമേ വെർച്വല്‍ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. അത്തരം ദിവസങ്ങളില്‍ വൈകീട്ട് 4-നും 5-നുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം.ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം ഭരണസമിതിയുടെ ആലോചനയിലുണ്ട്. കൂടാതെ, കലാപരിപാടികള്‍ക്കായി ക്ഷേത്രത്തിലെ ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്യുന്നതും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് അടുത്ത ഭരണസമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ദർശനത്തിനെത്തുമ്പോൾ ബുക്കിങ് രസീതും തിരിച്ചറിയൽ രേഖയും കൈവശം കരുതണം.






