കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചതെന്നും ഊരാളുങ്കൽ
കണ്ണൂർ:കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂവെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക മാധ്യമ കുറിപ്പിൽ അറിയിച്ചു.
കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നും അതിലേക്കു വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും മലയാള മനോരമ പത്രത്തിൽ വാർത്ത വന്ന പശ്ചാത്തലത്തിലാണ് സൊസൈറ്റിയുടെ വിശദീകരണം.
കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചത്. ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ലെന്ന് സൊസൈറ്റി ചൂണ്ടിക്കാട്ടി.
ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാദ്ധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു. 18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഊരാളുങ്കൽ സൊസൈറ്റി അഭ്യർത്ഥിക്കുന്നു:






