‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്കാൻ സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

എഴുത്തച്ഛനോട് വലിയ ആദരം, പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമെന്നും മേതിൽ
കോഴിക്കോട്:എഴുത്തച്ഛനോട് വലിയ ആദരവുള്ളയാളാണെന്നും പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമെന്നും മേതിൽ രാധാകൃഷ്ണൻ.
എഴുത്തിൽ പാലക്കാടൻ കാലവും വെസ്റ്റേൺ കാലവും സ്വാധീനിച്ചു. ശാസ്ത്രത്തെ കുറിച്ച് എഴുതുന്നതാണ് കൂടുതൽ ഇഷ്ടം. ഒന്നിനേയും നിർവചിക്കാൻ പറ്റില്ല. എന്നാൽ സൗകര്യത്തിനൊത്ത് അവരവർക്ക് നിർവചിക്കാം. കാലത്തിൻ്റെ കാര്യമൊന്നും പറയാനാവില്ല. അവാർഡ് ചിലപ്പോൾ നേരത്തെയാകുമെന്നും ചിലപ്പോൾ വൈകുമെന്നും മേതിൽ പറഞ്ഞു.
പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്കാൻ തനിക്ക് സാധിക്കില്ല. അവർ ജീവിക്കുന്നത് തൻ്റേതില്‍ നിന്നും തീർത്തും വ്യത്യസ്തമായ സാഹചര്യത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

മേതിൽ രാധാകൃഷ്ണൻ
കഴിഞ്ഞ വർഷം അർബുദ ബാധയെ തുടർന്ന് മകള്‍ ജൂണ്‍ മരിച്ചതിനുപിന്നാലെയാണ് മേതില്‍ രാധാകൃഷ്ണൻ എഴുത്തുകാരി ഇന്ദുമേനോനും കുടുംബത്തിനുമൊപ്പം രാമനാട്ടുകരയിൽ താമസിക്കാൻ തുടങ്ങിയത്. മകളുടെ ഹെയർബാൻഡ് എപ്പോഴും കൈയില്‍ അണിയുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മകളെക്കുറിച്ചുള്ള ഓർമ്മകളാണ് തന്റെ ശക്തിയെന്നായിരുന്നു മതിലിന്റെ പ്രതികരണം.
1944 ഓഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂർ പുതിയങ്കത്ത് ജനിച്ചു. പിതാവ്: പാറക്കാട്ട് ഗോവിന്ദ മേനോൻ, മാതാവ്: മേതിൽ കമല. ചിറ്റൂർ ഗവൺമെന്റ് കോളെജിലും തൃശ്ശൂർ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം. ഒരു നോർവീജിയൻ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയർ യു എസ് എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും ദീർഘകാലം പ്രവർത്തിച്ചു. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയകലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, രോമം, ദൈവം മനുഷ്യൻ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിന്റെ കരച്ചിൽ, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കൽ, ചൂണ്ടുന്ന എലി ചൂണ്ടെലി, ഇവിടെ ഒരു വവ്വാൽ ഇല്ല, സീബ്ര ക്രോസിംഗ്, പെൻഗ്വിൻ എന്നിവ പ്രധാന കൃതികൾ.
ഭാര്യ:പരേതയായ പ്രഭാവതി. മക്കൾ : പരേതയായ ജൂൺ, ജൂലിയൻ






