സദ്യ,വാഴയിലയില്‍ പൊള്ളിച്ചെടുക്കുന്ന മീന്‍… ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളരുചി

തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാ-മാഗസിനായ ലോണ്‍ലി
പ്ലാനറ്റിന്‍റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളില്‍ കേരളത്തിന്‍റെ
തനതും വൈവിധ്യപൂര്‍ണ്ണവുമായ രുചിക്കൂട്ടുകള്‍ ഇടം പിടിച്ചു. വാഴയിലയില്‍
വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ നീളുന്ന നിരവധി
ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് ലോണ്‍ലി പ്ലാനറ്റില്‍ പരാമര്‍ശമുള്ളത്.
പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്.
ചോറ്, അവിയല്‍, തോരന്‍, രസം, സാമ്പാര്‍, അച്ചാര്‍, പഴം, പപ്പടം, പായസം
എന്നിവയുള്‍പ്പെടെ വീട്ടില്‍ പാകം ചെയ്യുന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍
അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികള്‍ നഷ്ടപ്പെടുത്തരുതെന്നും ലോണ്‍ലി
പ്ലാനറ്റില്‍ പറയുന്നു.നേര്‍ത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയില്‍ പൊതിഞ്ഞു
പൊള്ളിച്ചെടുക്കുന്ന മീന്‍, ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി എന്നിവ
വിളമ്പുന്നതും ആകര്‍ഷകമാണെന്ന് ലോണ്‍ലി പ്ലാനറ്റ് ചൂണ്ടിക്കാട്ടി.
കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വാഴയിലയില്‍ വിളമ്പുന്ന സദ്യ മുതല്‍
കേരളത്തിന്‍റെ തനത് മീന്‍കറി വരെയുള്ള രുചികളും ആസ്വദിക്കാനാകും. സദ്യ,
അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി,
ആട്ടിറച്ചി, കല്ലുമ്മക്കായ, പഴം പൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക.
കൊച്ചിയെ ഏറ്റവും പ്രചോദനാത്മകമായ സ്ഥലങ്ങളില്‍ ഒന്നെന്നും ലോണ്‍ലി
പ്ലാനറ്റ് വിശേഷിപ്പിക്കുന്നു.
സംസ്ഥാനത്തിന്‍റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷ്യപൈതൃകത്തെ ആഗോള
സമൂഹം കൂടുതലായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന്
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ സുന്ദരമായ കായലുകള്‍, മണല്‍ നിറഞ്ഞ ബീച്ചുകള്‍, മനോഹരമായ
മലനിരകള്‍ എന്നിവയ്ക്കപ്പുറം ഭക്ഷണവിഭവങ്ങളേയും ലോകം അംഗീകരിക്കുന്നതായി
കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.






