നെയ്യാറിലെ കരിമീനും വരാലും യു.കെയിലേക്ക്

തിരുവനന്തപുരം: നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷിയിലെ കരിമീനും വരാലും യു കെയിലേക്ക് .
റിസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടൽ കടന്നു പോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണ് ആഗോളതലത്തിൽ ജനശ്രദ്ധയാകർഷിക്കുന്നത്. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനിപ്പുറം ഇവിടുത്തെ മത്സ്യകൃഷിയെ കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്നടക്കം അന്വേഷണങ്ങൾ ഒഴുകിയെത്തുകയാണ്. അതിലൂടെ ലോകത്തെ തന്നെ ആദ്യ സംരംഭമെന്ന നിലയിൽ നേരിട്ട ഒട്ടേറെ വെല്ലുവിളികളെ അതി ജീവിച്ച തദ്ദേശീയ ഗോത്ര വിഭാഗത്തിൽപെട്ട ജീവനക്കാരുടെ വിജയഗാഥ കൂടി ആയി മാറുകയാണ് നെയ്യാറിലെ ഈ കൂട് മത്സ്യകൃഷി.
ഗോത്രവർഗ്ഗക്കാരുടെ മത്സ്യ കൃഷി
ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിൽ വരാൽ കൃഷിയും ആഗോളതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. റിസർവോയറിലെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഗോത്രവർഗ്ഗക്കാരായ തദ്ദേശീയ ജനതയ്ക്ക് ജീവനോപാധി ഉറപ്പുവരുത്തുക, പ്രദേശവാസികളായ ആളുകൾക്ക് കലർപ്പില്ലാത്ത മത്സ്യം പ്രദാനം ചെയ്യുക പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ തദ്ദേശീയ ഇനം മത്സ്യങ്ങളെ മാത്രം ഉൽപാദനത്തിനായി തിരഞ്ഞെടുക്കുക തുടങ്ങിയ അടിസ്ഥാനങ്ങളിലൂന്നിയാണ് സർക്കാർ കൂട് മത്സ്യകൃഷി പദ്ധതി വിഭാവനം ചെയ്തത്.
നദികളിലെ ഡാമുകളുടെ നിർമ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങി പല കാരണങ്ങളാൽ ഡാമുകളുടെ വൃഷ്ടി പ്രദേശത്തെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും,മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായി അവലംബിച്ചിരുന്ന ഗോത്ര വിഭാഗങ്ങൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്യുന്നത് കണ്ടെത്തുകയും ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ രൂക്ഷമായ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് റിസർവ്വോയറുകളിൽ കൂട് മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാർട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെൻ്റ് ഇൻ സെലക്റ്റഡ് റിസർവ്വോയേഴ്‌സ് ഓഫ് കേരള എന്ന പദ്ധതി നെയ്യാർ, പീച്ചി, ഇടുക്കി റിസർവ്വോയറുകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. പി.എം.എം.എസ് വൈയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.
നടപ്പിലാക്കിയത് മൂന്നിടത്ത്
നെയ്യാർ റിസർവോയറിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശീയമായി കാണപ്പെടുന്ന കരിമീൻ, വരാൽ മുതലായ മത്സ്യ ഇനങ്ങളെ മറ്റു ജലആവാസ സമൂഹത്തെ ബാധിക്കാത്ത തരത്തിൽ പ്രത്യേക കേജുകളിൽ വളർത്തുന്നതിനായി തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി നിർവ്വഹണത്തിലെ ഓരോ ഘട്ടവും ആദ്യം ആരംഭിച്ച യൂണിറ്റ് എന്ന നിലയിൽ നെയ്യാറിൽ പരീക്ഷണ വിധേയമാക്കി വിജയിപ്പിച്ചതിന് ശേഷമാണ് പിന്നീട് ഇടുക്കി, പീച്ചി റിസർവ്വോയറുകളിൽ നടപ്പിലാക്കിയത്.
മത്സ്യബന്ധന വകുപ്പിന് കീഴിലുളള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) മുഖേന 2024 ൽ നെയ്യാറിൽ നടപ്പിലാക്കിയ പദ്ധതിയിൽ പുരവിമല സെറ്റിൽമെന്റിലെ 14 പേർക്കാണ് തൊഴിൽ ലഭിച്ചത്. വിവിധ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ഇവർക്ക് പെരുവണ്ണാമൂഴി റിസർവ്വോയറിൽ കേജ് മാനേജ്മെൻ്റിൽ പ്രാഥമിക പരിശീലനം നൽകി.
ഒരു കിലോ കരിമീനിന് 450 രൂപ, വരാലിന് 350






