സിപിഎമ്മിനെയും ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം:നിലവില്‍ വിദൂരമായ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് എല്‍ഡിഎഫും ബിജെപിയും.മേയറായി മുൻ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടിയതോടെ നഗരസഭാ ഭരണ-മുഖ്യപ്രതിപക്ഷ കക്ഷികളില്‍ ഞെട്ടല്‍ പ്രകടമാണ്.
തലസ്ഥാനത്ത് കോണ്‍ഗ്രസിൻ്റെ ജനകീയ മുഖങ്ങളിലൊന്നായിരുന്ന ജി.കാര്‍ത്തികേയൻ്റെ മകനെ മത്സരിപ്പിക്കുന്നത് കവടിയാര്‍ വാര്‍ഡിലാണ്.സിപിഎമ്മിൻ്റെ ഉറച്ച വാര്‍ഡും മേയറായിരുന്ന പ്രൊഫ.ചന്ദ്ര ജയിച്ച ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുച്ഛമായ വോട്ടിനാണ് കോണ്‍ഗ്രസ് ജയിച്ചത്. അങ്ങനെയുള്ള ഒരുവാര്‍ഡിലാണ് കോണ്‍ഗ്രസ് അവരുടെ മേയര്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് അവിടെ ജയം ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
സാധാരണ ഗതിയില്‍ തമ്മില്‍ തല്ലും കൂട്ടയടിയുമൊക്കെ കഴിഞ്ഞ് ഏറ്റവുമൊടുവിലായി പലേടത്തും നാമനിര്‍ദേശപത്രിക പിൻവലിക്കേണ്ട സമയവും കഴിഞ്ഞാണ് യുഡിഎഫിലും കോണ്‍ഗ്രസിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ആ നടപ്പുശീലം തള്ളി 101 ല്‍ 48 വാര്‍ഡില്‍ കോണ്‍ഗ്രസിന് സ്ഥാനാകളായി എന്നുമാത്രമല്ല, തെരഞ്ഞെടുപ്പ് വിജ്ഞാപനംപോലും വരും മുമ്പേ പ്രഖ്യാപിക്കാനും കഴിഞ്ഞു എന്നത് നിസ്സാരമല്ല. ഇനിയും പതിവ് രീതി തുടര്‍ന്നാല്‍ നാലോ അഞ്ചോ മാസത്തിനുള്ളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പച്ച തൊടല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടായതില്‍ പ്രവര്‍ത്തകര്‍ ആഹ്ളാദത്തിലാണ്.പകുതിയിലേറെ സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കേ,നിലവിലുള്ള മുന്നേറ്റത്തെ തകര്‍ക്കുന്ന വിധത്തില്‍ തമ്മില്‍തല്ലുണ്ടാവുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകരുമുണ്ട്.
ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മില്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രൻ മത്സരരംഗത്തുണ്ടാവാനിടയില്ല.സിപിഎം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ നേതാവുമായ എസ് പി ദീപക്കാവും മേയര്‍ സ്ഥാനാര്‍ഥിയെന്നാണ് കരുതുന്നത്.എന്നാല്‍,കുറഞ്ഞത് നാല് ഏരിയാ സെക്രട്ടറിമാരെങ്കിലും മത്സരിക്കാൻ കുപ്പായം തുന്നി താല്പര്യം പ്രകടിപ്പിച്ചത് സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കിയതായാണ് വിവരം.തുടര്‍ച്ചയായി രണ്ട തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ ഇളവുതേടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചവരില്‍ കഴഞ്ഞ തവണ ഉറച്ച സിപിഎം കോട്ടയില്‍ തോറ്റ മുൻ മേയറായ ഏരിയാ സെക്രട്ടറിയും ഉള്‍പ്പെടുന്നു.സാധാരണ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റുവിഭജനവു ആദ്യം പൂര്‍ത്തിയാക്കുന്ന സപിഎമ്മിന് ഇതുവരെയും അതിന് സാധിച്ചിട്ടില്ല.ഉറച്ച സിപിഎം സീറ്റുകളില്‍പോലും മികച്ച സ്ഥാനാര്‍ഥികളുണ്ടായിട്ടും ചുമതലക്കാരായ നേതാക്കള്‍ അവരുടെ നിയമസഭാ വിജയം ലക്ഷ്യമാക്കി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിലെ വീഴ്ച പ്രശ്നമല്ലെന്ന നിലയിലുള്ള ഇടപെടല്‍ നടത്തുന്നതില്‍ വലിയൊരു വിഭാഗം പ്രാദേശക നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
നഗരസഭയിലെ മുഖ്യ പ്രതിപക്ഷമായ ബിജെപിയെ പിടിച്ചുകുലുക്കുന്നത് ഗ്രൂപ്പുവഴക്കാണ്.നേമം,വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്ന തിരുമല അനിലിൻ്റെ ആത്മഹത്യ തിരിച്ചടിയായേക്കുമെന്ന ആശങ്കയണ്ട്.ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.ബിജെപി സംസ്ഥാന സെക്രട്ടറിയും വക്താവും ആയിരുന്ന മുൻ കൗണ്‍സിലര്‍ എം.എസ് കുമാര്‍, അനിലുയര്‍ത്തിയ ആക്ഷേപങ്ങള്‍ രൂക്ഷമായി ആവര്‍ത്തിച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചു.അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ പ്രചാരണത്തിനിറക്കി ഇത് മറികടക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.നിലവിലെ കൗണ്‍സിലറായ മുൻ ജില്ലാ പ്രസിഡൻ്റ് വി.വി രാജേഷ് ഇത്തവണ മത്സരിക്കുന്നില്ല എന്ന നിലപാടിലാണ്.
ഇപ്പോള്‍ പരിഗണിക്കുന്ന മേയര്‍ സ്ഥാനാര്‍ഥികളില്‍ ശബരീനാഥിനെപ്പോലെ ജനപ്രീതിയുളള നേതാക്കള്‍ ഇല്ലെന്ന അഭിപ്രായം മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുളള തിരക്കിലാണ് മറ്റ് രണ്ടു മുന്നണികളും.






