ക്രിക്കറ്റ് : ലോകത്തിൻ്റെ നെറുകയില്‍ ഇന്ത്യൻ വനിതകള്‍

നവി മുംബൈ: ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യക്ക് വനിതാ ഏകദിന ലോകകപ്പ് കിരീടം.
299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി.ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (98 പന്തില്‍ 101) സെഞ്ച്വറിയുമായി കനത്ത പ്രതിരോധമുയര്‍ത്തിയെങ്കിലും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സ് മികച്ച സ്‌കോറിലേക്ക് നയിച്ചു. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.
നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്.ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ് -ടസ്മിന്‍ ബ്രിട്ട്‌സ് (23)സഖ്യത്തിന് സാധിച്ചു.പത്താം ഓവറില്‍ ടസ്മിന്‍ അമന്‍ജോത് കൗറിൻ്റെനേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായതിനു പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2),മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവര്‍ക്കൊന്നം തിളങ്ങാനായില്ല.ഇതോടെ അഞ്ചിന് 148 എന്ന നിലയിലായ ദക്ഷിണാഫ്രിക്കയ്ക്ക് വാള്‍വാര്‍ഡ് – ആനറി ഡെര്‍ക്സൻ സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവര്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ വിജയ പ്രതീക്ഷയെ എറിഞ്ഞിടുകയായിരുന്നു.ഡെര്‍ക്സൻ, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി അധികം കഴിയും മുമ്പേ വോള്‍വാര്‍ഡും മടങ്ങി.ക്ലോ ട്രൈയോണ്‍ (9),നതീന്‍ ഡി ക്ലാര്‍ക്ക് (18),അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.ശേഷിച്ചത് മ്ലാബയാണ്.
ഒന്നാം വിക്കറ്റില്‍ മന്ദാന-ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്ത് മോഹിപ്പിക്കുന്ന തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു .പതിനെട്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിൻ്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കി മന്ദാന മടങ്ങി. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി.തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു.എന്നാല്‍ ഷെഫാലി ഇരുപത്തെട്ടാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി.
അതിനുശേഷം ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) പിടിച്ചു നില്‍ക്കാനായില്ല. ജമീമയും പോയപോലെ മടങ്ങിയെത്തി.അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ.പിന്നാലെ റിച്ച – ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തതോടെ സ്‌കോര്‍ 300ന് തൊട്ടരികിലെത്തി.നാല്പത്തൊൻപതാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി. രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ആറ് റണ്‍സ് നേടാനായെങ്കിലും അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടായി.രാധാ യാദവ് ദീപിതിക്കൊപ്പം പുറത്താവാതെ നിന്നു.
രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍,നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ നേടിയെടുത്തത്.2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്.ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്.
ഐ സി സിയുടെ സമ്മാനത്തുകയായി ഇന്ത്യൻ ടീമിന് ലഭിച്ചത് 39.78 കോടി രൂപയാണ്.വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടുന്നത് 19.88 കോടി രൂപ. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതമാണ് ലഭിക്കുക.






