വി.എം.വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി

കോഴിക്കോട്:ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.ഡിസിസി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ കെ. പ്രവീണ്‍കുമാറും എം.കെ. രാഘവന്‍ എംപിയും ചേര്‍ന്നാണ് വിനു ഉള്‍പ്പെടെയുള്ള 15 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.
യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ വി.എം. വിനുവിനൊപ്പം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും. രണ്ടാം ഘട്ട പട്ടികയില്‍ എരഞ്ഞിക്കല്‍ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാല്‍ കല്ലാട്ടും സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ പരിസ്ഥിതി പ്രവര്‍ത്തക പി.എം.ജീജാഭായിയും ഉള്‍പ്പെടുന്നു.ആകെ 76 സീറ്റുകളില്‍ 49 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.മുസ്ലിം ലീഗിന് 25 സീറ്റും സി.എം.പിക്ക് 2 സീറ്റും വീതം നല്‍കി.ആദ്യഘട്ട പട്ടികയില്‍ 22 പേരുടേത് ഉള്‍പ്പെടെ ആകെ 37 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.ഇനിയും 12 സീറ്റുകളില്‍ക്കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
വി.എം. വിനു, പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയൻ്റെ മകനാണ്. ‘ബാലേട്ടന്‍’, ‘വേഷം’, ‘ബസ് കണ്ടക്ടര്‍’, ‘പല്ലാവൂര്‍ ദേവനാരായണന്‍’, ‘മയിലാട്ടം’, ‘ആകാശത്തിലെ പറവകള്‍’ തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങള്‍ വിനു സംവിധാനം ചെയ്തിട്ടുണ്ട്.
നിലവിലെ പ്രതിപക്ഷ നേതാവ് കെ സി ശോഭിത ആദ്യത്തെ രണ്ട് പട്ടികയിലും ഇല്ല. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും എം കെ രാഘവന്‍ എംപി പറഞ്ഞു. വി എം വിനുവിനെ ഒരു കൗണ്‍സിലര്‍ ആകാന്‍ മത്സരിപ്പിക്കില്ലെന്നും യുഡിഎഫ് സംവിധാനത്തില്‍ കൃത്യമായ പ്രഖ്യാപനം വരുമെന്നും കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.നിലവിൽ എൽ ഡിഎഫാണ് കോഴിക്കോട് കോർപറേഷൻ ഭരിക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക.തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.രണ്ടാം ഘട്ടം ഡിസംബർ 11നാണ് .തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ.വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.






