കണ്ണൂരിൽ എൽഡിഎഫിന് എതിരില്ലാതെ നാല് ജയം

ആദ്യജയം സിപിഎമ്മിന്
കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ നാലിടത്ത് എൽഡിഎഫിന് എതിരില്ല.ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ,ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു.ഇവരെല്ലാം സിപിഎം സ്ഥാനാർഥികളാണ്.എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
മോറാഴ വീവേഴ്സ് തൊഴിലാളിയും സിപിഐ എം മോറാഴ കോളേജ് ബ്രാഞ്ച് അംഗവുമാണ് രജിത. ജനാധിപത്യ മഹിളാ അസോസിയേഷൻ മോറാഴ വില്ലേജ് പ്രസിഡന്റുമാണ്. ദീർഘകാലം സിപിഎം ആന്തൂർ ലോക്കൽ സെക്രട്ടറിയായ കെ പ്രേമരാജൻ, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ഐആർപിസി ആന്തൂർ ലോക്കൽ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.ഒതേനൻ പികെഎസ് ഏരിയാ കമ്മിറ്റി അംഗവും സിപിഎം ചൂളിയാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. സി കെ ശ്രേയ ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ്.
സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്.കഴിഞ്ഞ മേയിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധിസ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷമുണ്ടായിരുന്നു.തുടർന്ന് കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കൾ മലപ്പട്ടത്ത് റാലി നടത്തി.അന്ന് സംഘർഷം ഉണ്ടായ സ്ഥലമായ അടുവാപ്പുറം വാർഡും എൽഡിഎഫ് എതിരില്ലാതെ ജയിച്ചതിൽ ഉൾപ്പെടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാണിച്ചുതരാം എന്നായിരുന്നു അന്നത്തെ പരസ്യ വെല്ലുവിളി.എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഇവിടെ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കോൺഗ്രസിന് സാധിച്ചില്ല.
സൂക്ഷ്മപരിശോധന 22ന്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22ന് രാവിലെ 10 മുതൽ ആരംഭിക്കും. വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക.സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും.സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യംഇവർക്ക് ലഭിക്കും.
നാമനിർദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്.നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.
ഒരു സ്ഥാനാർത്ഥിയോ അഥവാ സ്ഥാനാർത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുക.സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.






