ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

തിരുവനന്തപുരം:ഡിസംബര്‍ 12 മുതല്‍ 14 വരെ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ ‘ഹാക്ക് 2025 ഇമാജിന്‍’ എന്ന് പേരിട്ടിരിക്കുന്ന പാന്‍-ഇന്ത്യന്‍ ഹാക്കത്തോണില്‍ അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് അവരുടെ ആശയം വികസിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വീതം ഗ്രാന്‍റ് നല്‍കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക .
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടുമായി സഹകരിച്ച് ടെക്നോപാര്‍ക്കില്‍ ഏജന്‍റിക് എഐയെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശ്നം മനസ്സിലാക്കുക, വ്യക്തമായ ആശയം സൃഷ്ടിക്കുക, അത് നടപ്പിലാക്കുക എന്നിവയാണ് ഏജന്‍റിക് എഐയുടെ മൂന്ന് പ്രധാന പ്രവര്‍ത്തനങ്ങളെന്ന് ടെക്ബൈഹാര്‍ട്ട് എഐ ഡയറക്ടര്‍ ഡോ. അനീസ് മുഹമ്മദ് പറഞ്ഞു. അതിനായി മോഡല്‍ കോണ്‍ടെക്സ്റ്റ് പ്രോട്ടോക്കോള്‍ (എംസിപി), ഏജന്‍റ്-ടു-ഏജന്‍റ് (എ2എ) എന്നിവ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനി സംഘടിപ്പിച്ച ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുത്തവർ.
പ്രതിധ്വനി ടെക്നിക്കല്‍ ഫോറം കണ്‍വീനര്‍ രാഹുല്‍ ചന്ദ്രന്‍, പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, ടെക്നോപാര്‍ക്കിലെ 40-ഓളം കമ്പനികളില്‍നിന്നുള്ള 200-ഓളം ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.
ലക്ഷ്യങ്ങള്‍ പിന്തുടരാനും തീരുമാനങ്ങള്‍ എടുക്കാനും ലോകവുമായി സംവദിക്കാനുമാകുന്ന പരിവര്‍ത്തനാത്മക എഐ സിസ്റ്റമായ ഏജന്‍റിക് എഐയെക്കുറിച്ച് പ്രായോഗിക അനുഭവം വര്‍ക്ക് ഷോപ്പ് നല്‍കി. തത്സമയ ഹാന്‍ഡ്സ്-ഓണ്‍ പ്രവര്‍ത്തനങ്ങളും ഡെമോകളും ഉള്‍ക്കൊള്ളുന്ന ഏകദിന പ്രായോഗിക സെഷനായിരുന്നു വര്‍ക്ക് ഷോപ്പിന്‍റെ പ്രധാന സവിശേഷത. ഐടി സമൂഹത്തിലെ സഹ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും എഐയുടെ വിവിധ പ്രൊഫഷണല്‍ ആപ്ലിക്കേഷനുകള്‍ മനസ്സിലാക്കാനും പങ്കെടുത്തവര്‍ക്ക് പരിപാടി സഹായകമായി.






