കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

കോഴിക്കോട്:അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.രാത്രി 8.40ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തിയത്.സമീപകാലത്ത് രോഗബാധയെ തുടന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.
വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചു പ്രസിഡൻ്റായതോടെയാണ് ജനപ്രതിനിധി എന്ന നിലയില്‍ ജൈത്രയാത്ര തുടങ്ങിയത്.ജനകീയസൂത്രണം കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീല.രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു.2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍നിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി.8472 വോട്ടിനാണ് കോണ്‍ഗ്രസിന്‍റെ എന്‍. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം,ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കുറ്റിയാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിന്‍റെയും മകളാണ്. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോര്‍പ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ
കാനത്തിൽ ജമീലയുടെ വേർപാടിലൂടെ നഷ്ടമായത് ശക്തയായ പൊതു പ്രവർത്തകയെയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു






