മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് .
സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് .
“തുടർച്ചയായി നാലാം വർഷവും മഹാത്മാ പുരസ്ക്കാരം ലഭിച്ചതിൽ ഞങ്ങൾ കൃതാർത്ഥരാണ്. 1999 ൽ സ്ഥാപിതമായതുമുതൽ, യു എസ് ടി ജീവിത പരിവർത്തനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബിസിനസ്സ് മികവിനോടുള്ള പ്രതിബദ്ധതയെ വിനയം, മനുഷ്യത്വം, സമഗ്രത എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളാൽ ഞങ്ങൾ ഉറപ്പിക്കുന്നു. ഈ മൂല്യങ്ങൾ കമ്പനിയുടെ സംസ്കാരത്തിൽ ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഒപ്പം, അവ അവാർഡ് നേടിയ ഞങ്ങളുടെ ആഗോള സിഎസ്ആർ പരിപാടികളുടെ അടിസ്ഥാനമായി മാറുന്നു,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ന്യൂഡൽഹിയിലെ ഇന്ത്യ ഇൻ്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സുനിൽ ബാലകൃഷ്ണനും യുഎസ് ടി ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മയും പുരസ്ക്കാരം ഏറ്റുവാങ്ങി. “ട്രസ്റ്റിഷിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കോർപ്പറേഷന്റെ പങ്ക്” എന്ന സെഷനിൽ പാനൽ സ്പീക്കറായും സ്മിത ശർമ്മ പങ്കെടുത്തു. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന അമിത് സച്ച്ദേവയാണ് മഹാത്മാ അവാർഡ് സ്ഥാപിച്ചത്. ആദിത്യ ബിർള ഗ്രൂപ്പാണ് മഹാത്മാ അവാർഡിനു ചുക്കാൻ പിടിക്കുന്നത്.വർഷം തോറും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത് ലൈവ് വീക്കാണ് .






