രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

പുറത്താക്കിയത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ
തിരുവനന്തപുരം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി.ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണിത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലത്. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറി. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും സണ്ണി ജോസഫ് പറഞ്ഞു.
നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന രാഹുലിനെതിരെ,യുവതിയെ പീഡിപ്പിച്ചതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനും പോലീസ് കേസെടുത്തതോടെ പാര്‍ട്ടി വലിയ സമ്മര്‍ദ്ദത്തിലായി.വി.എം സുധീരൻ,കെ. മുരളീധരന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നു.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ കേസ് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയെന്ന് ബോധ്യമായതോടെ, എത്രയും പെട്ടെന്ന് രാഹുലിനെ കൈയ്യൊഴിഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടിയാണ്നരിടേണ്ടിവരികയെന്ന് വ്യക്തമായി. ഇതോടെ പുറത്താക്കല്‍ തീരുമാനത്തിലേക്ക് കെപിസിസി എത്താൻ നിർബന്ധിതമായി.






