അതിജീവിതയ്ക്കൊപ്പം തന്നെ,എപ്പോഴും…

നിഷ്കളങ്കരേ,നിങ്ങൾ മറ്റൊരു വിധി പ്രതീക്ഷിച്ചുവോ?
എം.ബി.സന്തോഷ്
ഈ കേസിൽ, ഇപ്പോൾ,നമ്മളിലൊരുപാടുപേർ ‘അതിജീവിത’ എന്ന പേരുവിളിക്കുന്ന അവൾ തോറ്റുപോയി എന്നു കരുതുന്നില്ല.തോറ്റത് കോടതിയാണ്,നീതിപീഠമാണ്. കഴിഞ്ഞത് അവസാനത്തെ രാത്രിയില്ല. ഈ ഇരുട്ടുമാറി വെളിച്ചം വരികതന്നെ ചെയ്യും…
ക്രൂരമായ ബലാത്സംഗത്തിന് അവൾ ഇരയായി എന്ന് കാണാനുള്ള കണ്ണ് എന്തായാലും കണ്ണുപൂട്ടിയ നീതിദേവതയ്ക്ക് ഉണ്ടായതിൽ ആശ്വാസം.പക്ഷെ, എന്തിനവർ ചെയ്തു എന്നതിലും പ്രതിഭാഗത്തുള്ള നടൻ ക്വട്ടേഷൻ കൊടുത്തു എന്നതിലും കോടതിക്ക് തെളിവ് വേണം. അതിനാൽ ഇത്തരം ക്വട്ടേഷൻ ടീമുകൾ ഭാവിയിൽ ഗൂഡാലോചന നടത്തുന്നതും അതിന് പണം കൊടുക്കുന്നതുംകൂടി മൊബൈൽ ഫോണിൽ ചിത്രീകരിക്കണം…പറ്റുമെങ്കിൽ അത് ഫെയ്സ്ബുക്കിലും ഇടണം…എങ്കിലേ,സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ച പ്രകാരം പ്രതിമയിൽ കണ്ണുതുറന്ന നീതിദേവതയ്ക്ക് ‘ന്യായം’ കാണാനാവൂ!
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ് അയോധ്യാ കേസ് വിധി വന്നപ്പോൾ ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’എന്ന് ഫെയ്സ്ബുക്കിലൂടെ ചോദിച്ചിരുന്നു.ഈ കേസിലും ഇതുപോലൊരു വിധി തന്നെയാണ് പ്രതീക്ഷിച്ചത്.
പക്ഷെ,നമ്മൾ കാണേണ്ട ഒന്നുണ്ട്. ഈ കേസ് രജിസ്റ്റർ ചെയ്യുന്ന കാലത്ത് പ്രതിപ്പട്ടികയിൽ വന്ന നടൻ ആരായിരുന്നു?അയാൾ മലയാള സിനിമയിലെ കിരീടം വച്ച രാജാവ് തന്നെയായിരുന്നു. ആര് ഏത് സിനിമയിൽ നടിക്കണം,താരസംഘടനയിൽ ഭാരവാഹിയാവണം എന്നതുൾപ്പെടെ തീരുമാനം മറ്റൊരാളിൻ്റേതായിരുന്നില്ല. ആ ഛത്രപതിയാണ് ജയിലിലേക്ക് പോയത്.മൂന്നുമാസത്തോളം ജയിലിൽ കഴിഞ്ഞ് തിരിച്ചുവന്നപ്പോഴും താരസാമ്രാജ്യം തകർന്നടിഞ്ഞിരുന്നു.ഇപ്പോഴോ?
പീഡിപ്പിക്കപ്പെട്ടാൽ പിന്നെ, പെണ്ണിൻ്റെ സ്ഥാനം പടിപ്പുരയ്ക്ക് പുറത്താണ്. അത് അവളുടെ കൂടി കുറ്റം കൊണ്ടാണ് എന്നാവും എക്കാലത്തേയും പയ്യാരം പറച്ചിൽ.താത്രിക്കുട്ടിമാർ മുതൽ സൂര്യനെല്ലിവരെയുള്ള സംഭവങ്ങളിൽ മലയാളിയുടെ ഈ മനോഭാവം പ്രകടമായിരുന്നു.എന്നാൽ,സൂര്യനെല്ലിയിലെ അവൾക്കൊപ്പം വി.എസ് അച്യുതാനന്ദൻ എന്ന സമാനതകളില്ലാത്ത നേതൃപ്രതിഭാസം നിലയുറപ്പിച്ചതോടെ ചിത്രം മാറി. അവളെ സർക്കാർ ഏറ്റെടുത്തു. അവൾക്ക് സർക്കാർ ജോലി നൽകി… എന്നത്തേയും പോലെ അന്നും വേട്ടക്കാരൻ പ്രബലനായിരുന്നു.പക്ഷെ,കടമ്മനിട്ട എഴുതിയപോലെ ‘എല്ലുപൊക്കിയ ഗോപുരങ്ങളുടെ’ കരുത്തിൽ വി.എസ് കൊടുങ്കാറ്റായപ്പോൾ കുരകളൊക്കെ ക്രമേണ ഓരിയിടലും പിന്നെ അമർത്തിയനിലവിളിയായും ഒതുങ്ങാൻ നിർബന്ധിതരായി.
അതിനുശേഷം ഐസ്ക്രീം പാർലർ പെൺവാണിഭക്കേസുണ്ടായി.അന്നും കേരളീയ മനസ്സാക്ഷിയുടെ ആൾ രൂപമായി വി.എസ് അച്യുതാനന്ദൻ നിന്നു.പക്ഷെ,അന്ന് വലിയ കോടതിപോലും വിലയ്ക്കെടുക്കപ്പെട്ടു എന്ന് പിന്നീട് തെളിവുകൾ പുറത്തുവന്നു.അപ്പോൾ പശിയടക്കാൻ ഉടുതുണിയുരിയേണ്ടിവന്നവരുടെ കാര്യം പറയേണ്ടതുണ്ടോ?അതിലെ പ്രതി പിന്നീടും അധികാരസ്ഥാനങ്ങളിലെത്തി,അയാളിപ്പോഴും നേതൃനിരയിലുണ്ട്…!
കഥകളൊന്നും അവസാനിക്കുന്നില്ല.ഇപ്പോഴിതാ മാരീചൻ മാൻവേഷമണിഞ്ഞ് അവളെ ഗർഭിണിയാക്കുന്നു,പിന്നീട് ഗർഭച്ഛിദ്രം നടത്തി കൊല്ലാക്കൊല ചെയ്യുന്നു…ഇവിടെ, അതിജീവിത സ്വന്തം ശമ്പളം കൊണ്ട് കുടുംബംപോറ്റുന്ന നിർധനയാണ്. അവൾക്ക് ഈ മരീചൻമാരുടെ ആക്രമണത്തെ ഏത്രകാലം എതിർത്തുനിൽക്കാനാവും എന്ന് ആശങ്കയുണ്ട്…
നോക്കൂ, ഇന്ന് വിധി വന്ന കേസിലെ അതിജീവിത എട്ടുവർഷത്തിലേറെയാണ് കോടതികളിൽനിന്ന് കോടതികളിലേക്ക് ഓടിയത്. അതിനായി വേണ്ടിവന്ന ആളും അർഥവും.ലക്ഷക്കണക്കിന് രൂപ വേണ്ടിവന്നിരിക്കും. അതൊക്കെയുണ്ടായിട്ടും പൂർണമായും നീതി കിട്ടാത്ത സാഹചര്യത്തിൽ ഇതൊന്നുമില്ലാത്ത അവളെ ‘നീ തീയാവണം’എന്ന അവസ്ഥയിലേക്കെത്തിക്കാനാവാത്തവിധത്തിൽ സമൂഹം ജാഗ്രതക്കണ്ണുമായി ഒപ്പമുണ്ടാവണം.ഒളിഞ്ഞുനോട്ടത്തിൻ്റെ ഇക്കിളിക്കണ്ണുള്ള ഞരമ്പൻമാരൊരുപാടുള്ള നാടാണിതെന്നും അവർക്ക് വലിയ പിന്തുണയും സ്വാധീനവുമുണ്ടെന്നും ഓരോസമയത്തും തെളിഞ്ഞുകൊണ്ടേയിരിക്കുന്ന കാലമാണിതെന്ന് മറക്കരുത്.
ഇവിടെയും, അവൾ തോറ്റില്ല. അവളെ തോൽക്കാൻ സമ്മതിക്കാത്ത ഒരു ആണുണ്ടായിരുന്നു.അവളിലെ പെണ്ണിനെ പ്രണയിച്ചവൻ.അവൻ അവളുടെ പോരാട്ടത്തിന് ചങ്കൂറ്റത്തോടെ കൂടെനിന്നു എന്നുമാത്രമല്ല,അവളെ ജീവിതത്തിൻ്റെ കൂട്ടുകാരിയാക്കുന്നതിനെപ്പറ്റി ഒരിക്കലും സംശയിച്ചതുപോലുമില്ല.അവൻ ചേർത്തുപിടിച്ച അവൾ സഹനത്തിൻ്റെ പാതയിൽ ഗോപുരമായുയർന്നു.അവളുടെ കൂട്ടുകാരികൾ ഇരുളടഞ്ഞുപോവുന്ന ഭാവിയെ കൂസാതെ അവളോട് ഐക്യപ്പെട്ടു. ഏറ്റവും മികച്ച അഭിനേത്രികളായിരുന്നിട്ടും അവരെ ആരും തിരിഞ്ഞുനോക്കാതിരുന്നിട്ടും കൂസാതെ അതിജീവിതയ്ക്കൊപ്പം അവർ കോട്ടകെട്ടി.അതുവരെ ഇല്ലാത്തവിധം അടുക്കളമുതൽ അസംബ്ലിവരെ അവൾക്കൊപ്പം അബലയെന്നു പരിഹസിച്ചവർ ബലമായി നിന്നു. അത് കേരളീയ വനിതയുടെ പുതിയ അതിജീവനമായി.
തെളിവുകളുടെയും യാന്ത്രികതയുടെയും ചട്ടക്കൂടിനുള്ളിൽ നീതിദേവതയെ തളച്ചിടുന്നവർക്ക് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരും ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയുമൊക്കെ ചതുർഥികളാവാം.പക്ഷെ, അവരെ ആദരിച്ചു വളർന്ന ഏതാനുംപേരെങ്കിലും, മനുഷ്യപക്ഷത്തുനിൽക്കുന്ന ആക്കൂട്ടർ തീരെ കുറവാണെങ്കിൽപോലും അവരാവും നാളെകളുടെ വിധികർത്താക്കൾ.
നേരത്തേ എടുത്ത നിലപാടുതന്നെയാണ്,ഇപ്പോഴും.അതിജീവിതയ്ക്കൊപ്പം തന്നെയാണ്,എപ്പോഴും…






